ട്വിസ്റ്റുകള്‍ നിറഞ്ഞ മത്സരം!!! 3 റൺസ് വിജയവുമായി പാക്കിസ്ഥാന്‍

പാക്കിസ്ഥാനും ഇംഗ്ലണ്ടും മാറി മാറി വിജയ സാധ്യതയിലേക്ക് വന്ന മത്സരത്തിൽ 3 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം പാക്കിസ്ഥാന്‍ നേടുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് ലിയാം ഡോസണിന്റെ കനത്ത പ്രഹരങ്ങള്‍ പാക്കിസ്ഥാനെ പരാജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഹാരിസ് റൗഫിന്റെ മികവാര്‍ന്ന ബൗളിംഗ് പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

വിജയത്തിന് 5 റൺസ് അകലെ റൗഫ് ലിയാം ഡോസണേ വീഴ്ത്തുമ്പോള്‍ 17 പന്തിൽ 34 റൺസായിരുന്നു ഡോസൺ നേടിയത്. തൊട്ടടുത്ത പന്തിൽ ഒല്ലി സ്റ്റോണിനെയും റൗഫ് പുറത്താക്കി.അവസാന ഓവറിൽ റീസ് ടോപ്ലി റണ്ണൗട്ട് കൂടിയായപ്പോള്‍ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 19.2 ഓവറിൽ 163 റൺസിൽ അവസാനിക്കുകയായിരുന്നു.

Pakistanengland
ഫിലിപ്പ് സാള്‍ട്ടിനെ നവാസ് ആദ്യ ഓവറിൽ വീഴ്ത്തിയപ്പോള്‍ മൊഹമ്മദ് ഹസ്നൈന്‍ അലക്സ് ഹെയിൽസിനെയും വിൽ ജാക്സിനെയും രണ്ടാം ഓവറിൽ പുറത്താക്കിയപ്പോള്‍ ഇംഗ്ലണ്ട് ബാക്ക്ഫുട്ടിലായി. 14/3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ബെന്‍ ഡക്കറ്റും ഹാരി ബ്രൂക്കും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ എത്തിച്ചത്. 43 റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്.

അഞ്ചാം വിക്കറ്റിൽ 49 റൺസുമായി ഹാരി ബ്രൂക്കും മോയിന്‍ അലിയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തിയെങ്കിലും 29 റൺസ് നേടിയ മോയിന്‍ അലിയെ പുറത്താക്കി മൊഹമ്മദ് നവാസ് ഈ കൂട്ടുകെട്ടിനെ തകര്‍ത്തു. നവാസിന്റെ മൂന്നാമത്തെ വിക്കറ്റായിരുന്നു ഇത്.

തൊട്ടടുത്ത ഓവറിൽ മൊഹമ്മദ് വസീം ജൂനിയര്‍ ഹാരി ബ്രൂക്കിനെയും(34) പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. 130/7 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ലിയാം ഡോസൺ ഒറ്റയ്ക്ക് വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവങ്കിലും ഹാരിസ് റൗഫിന്റെ ഇരട്ട പ്രഹരം ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കി.