ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ ചിരവൈരികളായ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തി. ടോസ് നേടി പന്തെറിയാൻ തീരുമാനിച്ച ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രയുടെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് പാകിസ്ഥാൻ ബാറ്റർമാർ പുറത്തെടുത്തത്.

നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 347 റൺസാണ് പാകിസ്ഥാൻ അടിച്ചുകൂട്ടിയത്. 113 പന്തിൽ നിന്ന് 17 ഫോറുകളും 9 സിക്സറുകളുമടക്കം 172 റൺസ് നേടിയ സമീർ മിൻഹാസിന്റെ വെടിക്കെട്ട് ഇന്നിംഗ്സാണ് പാകിസ്ഥാന് കരുത്തായത്.
തുടക്കം മുതൽ ആക്രമിച്ച് കളിച്ച സമീർ മിൻഹാസ് രണ്ടാം വിക്കറ്റിൽ ഉസ്മാൻ ഖാനൊപ്പവും (35), മൂന്നാം വിക്കറ്റിൽ അഹമ്മദ് ഹുസൈനൊപ്പവും (56) മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കി. ഒരു ഘട്ടത്തിൽ 302-ന് 3 എന്ന അതിശക്തമായ നിലയിലായിരുന്ന പാകിസ്ഥാനെ അവസാന ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയാണ് ഇന്ത്യ നിയന്ത്രിച്ചത്. ഇന്ത്യയ്ക്കായി ദീപേഷ് ദേവേന്ദ്രൻ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഹെനിൽ പട്ടേൽ, ഖിലാൻ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി. കിരീടം നിലനിർത്താൻ ഇന്ത്യയ്ക്ക് 348 റൺസ് എന്ന റെക്കോർഡ് ലക്ഷ്യം മറികടക്കേണ്ടതുണ്ട്.









