ശതകവുമായി സൽമാന്‍ അഗ, പാക്കിസ്ഥാന് 11 റൺസ് പരാജയം

ബംഗ്ലാദേശിനെതിരെ ട്വിസ്റ്റുകള്‍ നിറഞ്ഞ ചേസിംഗിനൊടുവിൽ കീഴടങ്ങി പാക്കിസ്ഥാന്‍. സൽമാന്‍ അഗയും ഷഹീന്‍ അഫ്രീദിയും പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും അവസാന ഓവറിൽ 14 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്റെ പക്കൽ 1 വിക്കറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളു. 291 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ 279 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.
ഒരു ഘട്ടത്തിൽ 82/5 എന്ന നിലയിലേക്ക് വീണ പാക്കിസ്ഥാനെ സൽമാന്‍ അഗ – സാദ് മസൂദ് കൂട്ടുകെട്ടാണ് തിരികെ മത്സരത്തിലേക്ക് കൊണ്ടുവരുന്നത്. ആറാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 79 റൺസാണ് നേടിയത്. സാദ് 38 റൺസ് നേടി പുറത്തായപ്പോള്‍ ഫഹീം അഷ്റഫിനെ കാഴ്ചക്കാരനാക്കി ഏഴാം വിക്കറ്റിൽ 48 റൺസ് സൽമാന്‍ അഗ നേടി. 9 റൺസ് മാത്രമാണ് ഫഹീം അഷ്റഫ് നേടിയത്.
106 റൺസ് നേടിയ സൽമാന്‍ അഗ പുറത്താകുമ്പോള്‍ 8ാം വിക്കറ്റിൽ ഷഹീന്‍ അഫ്രീദിയുമായി ചേര്‍ന്ന് 52 റൺസ് നേടിയിരുന്നു. ഹാരിസ് റൗഫ് – ഷഹീന്‍ അഫ്രീദി കൂട്ടുകെട്ട് 16 റൺസ് 9ാം വിക്കറ്റിൽ നേടി. അവസാന ഓവറിൽ 14 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. എന്നാൽ ഷഹീന്‍ അഫ്രീദി നാല് ഡോട്ട് ബോളുകളും ഒരു ഡബിളും അവസാന പന്തിൽ പുറത്താകുകയും ചെയ്തപ്പോള്‍ പാക്കിസ്ഥാനെതിരെ ബംഗ്ലാദേശ് 11 റൺസ് വിജയം കൈക്കലാക്കി. 37 റൺസാണ് ഷഹീന്‍ അഫ്രീദി നേടിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 5 വിക്കറ്റ് നഷ്ടത്തിൽ 290 റൺസാണ് നേടിയത്. തന്‍സിദ് ഹസന്‍ തമീം 107 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ തൗഹിദ് ഹൃദോയ് 48 റൺസുമായി പുറത്താകാതെ നിന്നു. ലിറ്റൺ ദാസ് 41 റൺസും സൈഫ് ഹസ്സന്‍ 36 റൺസും നേടി ബംഗ്ലാദേശ് നിരയിൽ തിളങ്ങി. പാക്കിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് 3 വിക്കറ്റ് നേടി.