ലക്ഷ്മണ്‍ ഇത്ര മാത്രം ദേഷ്യപ്പെട്ട് താന്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല, പ്രഖ്യാന്‍ ഓജയോട് ദേഷ്യപ്പെട്ട വിവിഎസ് ലക്ഷ്മണിനെ ഓര്‍ത്ത് സുരേഷ് റെയ്‍ന

Sports Correspondent

താന്‍ വളരെ അപൂര്‍വ്വമായി വിവിഎസ് ലക്ഷ്മണ്‍ ദേഷ്യപ്പെട്ട് കണ്ട ഒരു സംഭവത്തെ ഓര്‍ത്തെടുത്ത് സുരേഷ് റെയ്‍ന. 2010 മൊഹാലി ടെസ്റ്റിലാണ് സംഭവം നടക്കുന്നത്. 216 റണ്‍സ് ചേസ് ചെയ്യുന്ന ഇന്ത്യ 124/8 എന്ന മോശം അവസ്ഥയിലേക്ക് വീഴുകയും ഒമ്പതാം വിക്കറ്റില്‍ 81 റണ്‍സ് നേടി ലക്ഷ്മണ്‍ ഇഷാന്ത് ശര്‍മ്മ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വരികയുമായിരുന്നു.

മത്സരത്തില്‍ ഇഷാന്ത് പുറത്തായ ശേഷം പ്രഖ്യാന്‍ ഓജയ്ക്കൊപ്പം വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ലക്ഷ്മണിന് സാധിച്ചു. എന്നാല്‍ ഇതിനിടെ കടുത്ത പുറം വേദന കാരണം താരത്തിന് സബ്സ്റ്റിറ്റ്യൂട്ട് റണ്ണറായി സുരേഷ് റെയ്‍നയായിരുന്നു ക്രീസിലെത്തിയിരുന്നത്. അനാവശ്യമായ ഒരു റണ്ണിന് ശ്രമിച്ച ഓജയോട് വളരെ അധികം ചൂടാവുന്ന വിവിഎസിനെ താന്‍ അന്ന് കണ്ടുവെന്നും അതിന് മുമ്പോ പിമ്പോ താന്‍ ലക്ഷ്മണിനെ ഇത്രയും ദേഷ്യപ്പെട്ട് കണ്ടിട്ടില്ലെന്നും സുരേഷ് റെയ്‍ന വ്യക്തമാക്കി.

ഓജ റണ്ണൗട്ടായിരുന്നേല്‍ ഇന്ത്യ പരാജയപ്പെട്ടേനെ എന്നതാവാം ഇത്രയും അധികം വിവിഎസിനെ അരിശനാക്കിയതെന്നും തനിക്ക് തോന്നിയതായും റെയ്‍ന പറഞ്ഞു. ലക്ഷ്മണ്‍ 79 പന്തില്‍ നിന്ന് 73 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഓജയാണ് വിജയ റണ്‍സ് നേടിയത്.

പിന്നീട് പരമ്പരയില്‍ ബാംഗ്ലൂരിലെ അടുത്ത മത്സരത്തിലും ഇന്ത്യ തന്നെ വിജയം കുറിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു.