ന്യൂസിലാണ്ട് കേന്ദ്ര കരാര്‍ വേണ്ടെന്ന് തീരുമാനിച്ച് ട്രെന്റ് ബോള്‍ട്ട്

Sports Correspondent

ന്യൂസിലാണ്ടിന്റെ കേന്ദ്ര കരാര്‍ വേണ്ടെന്ന തീരുമാനം എടുത്ത് കീവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുവാനും പ്രാദേശിക ലീഗുകളില്‍ കളിക്കുവാനും ആണ് തീരുമാനം. ഇതോടെ ന്യൂസിലാണ്ട് ടീമിലെ അവസരം താരത്തിന് കുറയും എന്ന് ന്യൂസിലാണ്ട് ക്രിക്കറ്റ് വ്യക്തമാക്കി. കേന്ദ്ര, പ്രാദേശിക കരാര്‍ ഉള്ള താരങ്ങള്‍ക്കാണ് സെലക്ഷന് മുന്‍ഗണന നൽകുന്നതെന്നും ഈ വിഷയത്തിന്മേൽ ബോര്‍ഡ് പ്രതികരിച്ചു.

മുന്‍ നിശ്ചയിച്ച പ്രകാരം ന്യൂസിലാണ്ടിന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽ താരം കളിക്കുമെന്നാണ് അറിയുന്നത്. അതേ സമയം ഡിസംബര്‍ ജനുവരി മാസത്തിൽ ന്യൂസിലാണ്ടിന്റെ പാക്കിസ്ഥാനിലേക്കുള്ള പര്യടനത്തിന്റെ സമയത്ത് താരം ചിലപ്പോള്‍ യുഎഇ ഐഎൽടി20 ലീഗിൽ കളിക്കുവാനുള്ള സാധ്യതയും അധികമാണ്.