കൊച്ചി: ന്യൂസിലാന്‍ഡ് പുരുഷ (ബ്ലാക്ക് ക്യാപ്‌സ്), വനിതാ (വൈറ്റ് ഫേര്‍ണ്‍സ്) ക്രിക്കറ്റ് ടീമുകളുടെ മത്സരങ്ങള്‍ അടുത്ത ഏഴ് വര്‍ഷത്തേക്ക് ഇന്ത്യയിലും ഉപഭൂഖണ്ഡങ്ങളിലും സംപ്രേക്ഷണം ചെയ്യുന്നതിനും സ്ട്രീം ചെയ്യുന്നതിനുമുള്ള ടെലിവിഷന്‍-ഡിജിറ്റല്‍ അവകാശങ്ങള്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യ (എസ്പിഎന്‍ഐ) സ്വന്തമാക്കി. 2024 മെയ് 1 മുതല്‍ 2031 ഏപ്രില്‍ 30 വരെയാണ് കരാര്‍ കാലാവധി. 2026-27, 2030-31 വേനല്‍ കാലയളവിലെ ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനങ്ങളും, ന്യൂസിലാന്‍ഡില്‍ നടക്കുന്ന മറ്റു എല്ലാ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങളും എസ്പിഎന്‍ഐയുടെ സ്‌പോര്‍ട്‌സ് ചാനലുകളില്‍ തത്സമയം സംപ്രേക്ഷണവും സ്ട്രീമിങും ചെയ്യും. സോണി ലിവിലും മത്സരങ്ങള്‍ തത്സമയം കാണാനാവും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി), ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) എന്നീ ക്രിക്കറ്റ് ബോര്‍ഡുകളുമായി ഇതിനകം സോണി ഇന്ത്യ കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ടീമിന് പുറമേ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നീ മുന്‍നിര ടീമുകള്‍ക്കെതിരെയുള്ള ന്യൂസിലാന്‍ഡ് ടീമിന്റെ മത്സരങ്ങളും ആരാധകര്‍ക്ക് സോണിയിലൂടെ തത്സമയം കാണാം. 2024-25ല്‍ ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ ടീമുകള്‍ക്കെതിരായ മൂന്ന് നിര്‍ണായക പരമ്പരകളും, 2026-27, 2030-31 കാലയളവുകളില്‍ ഇന്ത്യന്‍ ടീമുമായുള്ള രണ്ട് പരമ്പരകളും ഉള്‍പ്പെടുന്ന മത്സരങ്ങളെല്ലാം ഇതില്‍ ഉള്‍പ്പെടും. 2021ലെ ഉദ്ഘാടന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഉള്‍പ്പെടെ സമീപകാലത്ത് വലിയ വിജയങ്ങള്‍ ന്യസിലാന്‍ഡ് ക്രിക്കറ്റ് ടീം സ്വന്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ റണ്ണേഴ്‌സ് അപ്പ് കൂടിയായിരുന്നു ടീം. 2024-25, 2025-26 സീസണുകളില്‍ ആമസോണ്‍ പ്രൈമുമായി സഹകരിച്ചായിരിക്കും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യയുടെ ഇന്ത്യയിലെ ഡിജിറ്റല്‍ അവകാശങ്ങള്‍.
ന്യൂസിലാന്‍ഡ് ക്രിക്കറ്റുമായുള്ള ഞങ്ങളുടെ പുതിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സോണി പിക്‌ചേഴ്‌സ് നെറ്റ്‌വര്‍ക്ക്‌സ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എന്‍പി സിങ് പറഞ്ഞു. കായികക്ഷമതയ്ക്കും കരുത്തിനും പേരുകേട്ട ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം, ആഗോളതലത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ക്രിക്കറ്റ് ടീമുകളിലൊന്ന് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു ഓര്‍ഗനൈസേഷനുകള്‍ക്കും ഇത് ആവേശകരമായ സമയമാണെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് അധ്യക്ഷ ഡയാന പുകെടാപു-ലിന്‍ഡണ്‍ പറഞ്ഞു. ഞങ്ങളുടെ സ്‌പോര്‍ട്‌സ് പോര്‍ട്ട്‌ഫോളിയോയിലേക്ക് മാര്‍ക്വീ പ്രോപ്പര്‍ട്ടികള്‍ ചേര്‍ക്കാനാണ് ഞങ്ങളുടെ നിരന്തരമായ ശ്രമമെന്നും, ന്യൂസിലാന്‍ഡ് ക്രിക്കറ്റുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഞങ്ങളുടെ സ്‌പോര്‍ട്‌സ് പോര്‍ട്ട്‌ഫോളിയോയ്ക്ക് ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലാണെന്നും എസ്പിഎന്‍ഐയുടെ ഡിസ്ട്രിബ്യൂഷന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ ചീഫ് റവന്യൂ ഓഫീസറും സ്‌പോര്‍ട്‌സ് ബിസിനസ് ഹെഡുമായ രാജേഷ് കൗള്‍ പറഞ്ഞു. ഇരു ഓര്‍ഗനൈസേഷനുകളും ഒരേ മൂല്യങ്ങള്‍ പങ്കിടുന്ന ഈ പങ്കാളിത്തം അനുയോജ്യമാണെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് (എന്‍ഇസഡ്‌സി) ചീഫ് എക്‌സിക്യൂട്ടീവ് സ്‌കോട്ട് വീനിങ്ക് ചൂണ്ടിക്കാട്ടി.