വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലും സ്റ്റുവർട്ട് ബ്രോഡിന് അവസരം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർ വുഡ്. ആദ്യ ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡിന് അവസരം ലഭിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ജൂലൈ 16ന് തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് പരിശീലകന്റെ പ്രതികരണം. പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് 4 വിക്കറ്റിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡിന്റെ അഭാവത്തിൽ മാർക്ക് വുഡ്, ജോഫ്രെ ആർച്ചറി, ജിമ്മി ആൻഡേഴ്സൺ എന്നിവരാണ് ഫാസ്റ്റ് ബൗളർമാരായി ടീമിൽ ഇടം നേടിയത്.
അതെ സമയം കഴിഞ്ഞ വർഷം മുഴുവൻ പരിക്കിന്റെ പിടിയിലായ ജിമ്മി ആൻഡേഴ്സണ് വിശ്രമം നൽകാനുള്ള സാധ്യതയുമുണ്ട്. കൂടാതെ മൂന്നാം ഫാസ്റ്റ് ബൗളറായി ടീമിൽ ഇടം നേടിയ മാർക്ക് വുഡ് വെറും 2 വിക്കറ്റ് മാത്രമാണ് ആദ്യ ടെസ്റ്റിൽ വീഴ്ത്തിയത്. ആദ്യ ടെസ്റ്റിൽ ടീമിൽ ഇടം നേടാനാവാതെ പോയതിൽ നിരാശയും ദേഷ്യവും ഉണ്ടെന്ന് നേരത്തെ സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞിരുന്നു. ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ സ്റ്റുവർട്ട് ബ്രോഡ് രണ്ടാം സ്ഥാനത്താണ്.