ടെസ്റ്റില്‍ ഇംഗ്ലണ്ട് പേസ് ബൗളിംഗിന്റെ കുന്ത മുനകളാണ് സ്റ്റുവര്‍ട് ബ്രോഡും സീനിയര്‍ താരം ജെയിംസ് ആന്‍ഡേഴ്സണും. ഇരുവരും പരസ്പരം സഹകരിച്ച് ഇംഗ്ലണ്ടിനെ വലിയ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ടെങ്കിലും ഇരുവരും പന്തെറിയുവാന്‍ ഇഷ്ടപ്പെടാത്ത താരം ആരെന്നതില്‍ ഒരേ അഭിപ്രായം ആണ് പങ്കുവെച്ചത്.
ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാനുമായി ഗ്രെയിം സ്മിത്തിന്റെ പേരാണ് സ്റ്റുവര്‍ട് ബ്രോഡും ജെയിംസ് ആന്‍ഡേഴ്സണും ഒരേ സ്വരത്തില്‍ പറഞ്ഞത്. സ്മിത്ത് എന്നും തനിക്ക് പേടി സ്വപ്നമായിരുന്നുവെന്നാണ് ബ്രോഡ് മനസ്സ് തുറന്നത്. ബ്രോഡ് മനസ്സ് തുറന്നതോടെ ആന്‍ഡേഴ്സണും ഇത് സമ്മതിക്കുകയായിരുന്നു. 2003 ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് ടൂര്‍ ചെയ്തപ്പോള്‍ ആദ്യമായി സ്മിത്തിനെ പന്തെറിഞ്ഞത് വളരെ മോശം അനുഭവമായിരുന്നുവെന്ന് ആന്‍ഡേഴ്സണും പറഞ്ഞു.
തനിക്ക് അന്ന് ലെഫ്റ്റ് ഹാന്‍ഡര്‍ക്കെതിരെ എറിയുവാന്‍ ഔട്ട് സ്വിംഗര്‍ ഇല്ലായിരുന്നു ആകെ അറിയാവുന്നത് പന്ത് സ്വിംഗ് ചെയ്യാനാകുകയായിരുന്നുവെന്നും അത് സ്മിത്തിന്റെ ശക്തിയ്ക്ക് അനുസരിച്ച് പന്തെറിയുന്നതിന് തുല്യമായിരുന്നുവെന്നും ആന്‍ഡേഴ്സണ്‍ പറഞ്ഞു.
ടീറില്‍ എഡ്ജ്ബാസ്റ്റണില്‍ 277 റണ്‍സും ലോര്‍ഡ്സില്‍ 259 റണ്‍സും അടക്കം രണ്ട് ഇരട്ട ശതകമാണ് സ്മിത്ത് നേടിയത്. ദക്ഷിണാഫ്രിക്കന്‍ ടീം നായകനായി താരത്തിന്റെ ആദ്യ പരമ്പര കൂടിയായിരുന്നു സ്മിത്തിന് അത്. ഇംഗ്ലണ്ടിനെതിരെ 21 ടെസ്റ്റില്‍ നിന്ന് 2051 റണ്‍സ് നേടിയ സ്മിത്തിന് മികച്ച റെക്കോര്‍ഡാണുള്ളത്.