ബംഗ്ലാദേശിനെ 234 റണ്‍സിനു പുറത്താക്കി ഒന്നം ദിവസം 86/0 എന്ന നിലയില്‍ അവസാനിപ്പിച്ച ന്യൂസിലാണ്ട് രണ്ടാം ദിവസം കൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. രണ്ടാം ദിവസം അവസാനിപ്പിക്കുമ്പോള്‍ 451/4 എന്ന നിലയില്‍ 217 റണ്‍സ് ലീഡോടു കൂടിയാണ് ന്യൂസിലാണ്ട് ദിവസം അവസാനിപ്പിച്ചത്. ന്യൂസിലാണ്ടിന്റെ പൂര്‍ണ്ണ ആധിപത്യം കണ്ട ദിവസമാണ് ഇന്ന് നടന്നത്. 4 വിക്കറ്റുകള്‍ ടീമിനു നഷ്ടമായപ്പോള്‍ അതില്‍ മൂന്നെണ്ണം അവസാന സെഷനില്‍ മാത്രമാണ് വീണതെന്നത് തന്നെ എത്രത്തോളം ആധികാരികമായാണ് മറ്റു സെഷനുകളില്‍ ടീം ബാറ്റ് വീശിയതെന്ന് തെളിയിക്കുന്നു.
365 റണ്‍സാണ് രണ്ടാം ദിവസം ന്യൂസിലാണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ജീത്ത് റാവല്‍ തന്റെ കന്നി ശതകം നേടിയപ്പോള്‍ ടോം ലാഥവും ശതകം നേടിയാണ് മടങ്ങിയത്. ഒന്നാം വിക്കറ്റില്‍ 254 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. 132 റണ്‍സ് നേടിയ റാവലിനെ മഹമ്മദുള്ളയാണ് പുറത്താക്കിയത്. തുടര്‍ന്ന് രണ്ടാം വിക്കറ്റില്‍ 79 റണ്‍സ് കെയിന്‍ വില്യംസണൊപ്പം നേടിയ ശേഷം ടോം ലാഥവും മടങ്ങിയപ്പോള്‍ 161 റണ്‍സാണ് താരം നേടിയത്.
റോസ് ടെയിലറെ ന്യൂസിലാണ്ടിനു വേഗത്തില്‍ നഷ്ടമായെങ്കിലും നാലാം വിക്കറ്റില്‍ 100 റണ്‍സ് നേടി ഹെന്‍റി നിക്കോളസ്-കെയിന്‍ വില്യംസണ്‍ കൂട്ടുകെട്ട് ലീഡ് 200 കടത്തി. 53 റണ്‍സ് നേടിയ നിക്കോളസ് രണ്ടാം ദിവസം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പുറത്താകുകയായിരുന്നു. 93 റണ്‍സുമായി കെയിന്‍ വില്യംസണ്‍ ആണ് ക്രീസില്‍ നില്‍ക്കുന്നത്.
ബംഗ്ലാദേശിനായി സൗമ്യ സര്‍ക്കാര്‍ രണ്ടും മെഹ്ദി ഹസന്‍, മഹമ്മദുള്ള എന്നിവര്‍ ഓരോ വിക്കറ്റും നേടി.