ന്യൂസിലാണ്ട് ഒരു സുരക്ഷിത രാജ്യമെന്ന് ഇനി പറയാനാകുമെന്ന് തോന്നുന്നില്ലെന്ന് ഡേവിഡ് വൈറ്റ്

Sports Correspondent

രാജ്യത്തേക്ക് വരുന്ന സ്പോര്‍ട്സ് ടീമുകള്‍ക്കുള്ള സുരക്ഷയില്‍ വലിയ മാറ്റം പ്രകടമാകുമെന്ന് അഭിപ്രായപ്പെട്ട് ന്യൂസിലാണ്ട് ക്രിക്കറ്റ് സിഇഒ ഡേവിഡ് വൈറ്റ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ 49 പേര് മരിക്കാനിടയായ പള്ളിയിലെ വെടിവെയ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് അവിടെ ടെസ്റ്റ് കളിക്കാനെത്തിയ ബംഗ്ലാദേശ് ടീം രക്ഷപ്പെട്ടത്. സംഭവത്തിനു ശേഷം പല പ്രാദേശിക ടീമുകളും ന്യൂസിലാണ്ടിന്റെ ദേശീയ താരങ്ങള്‍ അതിനു ശേഷം നടക്കാനിരുന്ന പ്രാദേശിക മത്സരങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു.

ന്യൂസിലാണ്ട് ഒരു സുരക്ഷിത രാജ്യമെന്ന കാഴ്ചപ്പാട് തന്നെ ഈ സംഭവത്തോടെ മാറിയെന്നാണ് ഡേവിഡ് വൈറ്റ് പറഞ്ഞത്. ഞങ്ങളുടെ സുരക്ഷ സംവിധാനങ്ങളെക്കുറിച്ച് ഗഹനമായ ചിന്ത നടത്തേണ്ട സമയമായിക്കഴിഞ്ഞു. അന്താരാഷ്ട്ര സ്പോര്‍ട്സ് മത്സരങ്ങള്‍ ഇനി പഴയത് പോലെ നടത്താനാകുമെന്ന് തോന്നുന്നില്ല. സുരക്ഷയെക്കുറിച്ചുള്ള ചിന്ത ടീമുകളെയെല്ലാം അലട്ടും. ഇത് വളരെ ദാരുണമായ സംഭവമായിപ്പോയെന്നും ഡേവിഡ് വൈറ്റ് പറഞ്ഞു.

ഇത് ക്രിക്കറ്റിനെയോ മറ്റൊരു കായിക ഇനത്തെയോ മാത്രം ബാധിക്കുന്നതല്ല. ഇത് ജീവിതത്തെക്കുറിച്ചാണ്, സമൂഹത്തെക്കുറിച്ചാണ്, ഇവയെല്ലാം ഈ സംഭവത്തോടെ ആടിയുലഞ്ഞ് കഴിഞ്ഞിരിക്കുന്നുവെന്നും വൈറ്റ് പറഞ്ഞു.