ന്യൂസിലാൻഡിനോട് വീണ്ടും തോൽവി, ഇന്ത്യ എക്ക് പരമ്പര നഷ്ട്ടം

ന്യൂസിലാൻഡ് എ ടീമിനെതിരെ ഇന്ത്യ എക്ക് വീണ്ടും തോൽവി. ഇന്ന് നടന്ന മത്സരത്തിൽ 5 റൺസിനാണ് ന്യൂസിലാൻഡ് എ ടീം ഇന്ത്യ എ ടീമിനെ തോൽപ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ന്യൂസിലാൻഡ് എ ടീം 2-1ന് സ്വന്തമാക്കുകയും ചെയ്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 270 റൺസാണ് നേടിയത്. സെഞ്ചുറി പ്രകടനവുമായി മാർക്ക് ചാപ്മാൻ ന്യൂസിലാൻഡ് നിരയിൽ മികച്ച പ്രകടനം പുറത്തെടുത്തു. കൂടാതെ അർദ്ധ സെഞ്ചുറി നേടിയ ടോഡ് അസ്ലെ ചാപ്മാന് മികച്ച പിന്തുണ നൽകി. ചാപ്മാൻ 110 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ അസ്ലെ 56 റൺസ് എടുത്ത് പുറത്താവുകയായിരുന്നു.

തുടർന്ന് 271 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഇന്ത്യക്ക് പ്രിത്വി ഷായും ഋതുരാജ് ഗെയ്ക്‌വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. പ്രിത്വി ഷാ 38 പന്തിൽ 55 റൺസ് എടുത്ത് പുറത്തായപ്പോൾ ഗെയ്ക്‌വാദ് 44 റൺസ് എടുത്ത് പുറത്തതായി. തുടർന്ന് ഇഷാൻ കിഷനും അക്സർ പട്ടേലും ചേർന്ന് ഇന്ത്യയെ ജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും 9 പന്തിനിടെ ഇന്ത്യയുടെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തി ന്യൂസിലാൻഡ് 5 റൺസ് ജയം സ്വന്തമാക്കുകയായിരുന്നു. രണ്ട് പന്ത് ബാക്കി നിൽക്കെ ഇന്ത്യയുടെ ഇന്നിംഗ്സ് 265 റൺസിന് അവസാനിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ 71 റൺസ് എടുത്ത് പുറത്താവാതെ നിന്നപ്പോൾ അക്‌സർ പട്ടേൽ 32 റൺസുമായി മികച്ച പിന്തുണ നൽകി.