ബുലവായോ: സിംബാബ്വെയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് ചരിത്രവിജയം. ഒരിന്നിങ്സിനും 359 റൺസിനുമാണ് കിവികളുടെ ജയം. ഇതോടെ സിംബാബ്‌വെ പര്യടനം ന്യൂസിലൻഡ് അജയ്യരായി പൂർത്തിയാക്കി. ന്യൂസിലൻഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയമാണിത്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 601 റൺസെടുത്തു. സെഞ്ചുറി നേടിയ രചിൻ രവീന്ദ്ര (165), ഡെവൺ കോൺവേ (153), ഹെൻറി നിക്കോൾസ് (150) എന്നിവരുടെ ബാറ്റിങ് മികവിലാണ് ന്യൂസിലൻഡ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ ആദ്യ ഇന്നിങ്സിൽ 125 റൺസിനും രണ്ടാം ഇന്നിങ്സിൽ 117 റൺസിനും പുറത്തായി.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ന്യൂസിലൻഡ് ബോളർമാർ സിംബാബ്‌വെ ബാറ്റിങ് നിരയെ തകർത്തെറിഞ്ഞു. അരങ്ങേറ്റക്കാരനായ സക്കറി ഫൗൾക്സ് 9 വിക്കറ്റുകൾ വീഴ്ത്തി തിളങ്ങി. രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റും ഫൗൾക്സ് സ്വന്തമാക്കി. മാറ്റ് ഹെൻറിയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. സിംബാബ്‌വെ നിരയിൽ ആദ്യ ഇന്നിങ്സിൽ 47 റൺസെടുത്ത നിക്ക് വെൽഷ് മാത്രമാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. ഇതോടെ കഴിഞ്ഞ ആറ് ടെസ്റ്റുകളിലും സിംബാബ്‌വെ തോൽവി തോറ്റു.