ഇന്ത്യൻ പ്രീമിയർ ലീഗ് ഈ വർഷം തന്നെ നടത്താൻ പുതിയ ആശയവുമായി മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ രംഗത്ത്. ഐ.പി.എൽ ചുരുക്കം ചില വേദികളിൽ മാത്രമായി കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ നടത്തണമെന്നാണ് മുൻ ഇംഗ്ലണ്ട് താരം പറഞ്ഞത്. അടച്ചിട്ട വേദികളിൽ മൂന്ന് ആഴ്ച കൊണ്ടോ നാല് ആഴ്ച കൊണ്ടോ ടൂർണമെന്റ് അവസാനിക്കുന്ന രീതിയിൽ ഐ.പി.എൽ നടത്തണമെന്നാണ് പീറ്റേഴ്‌സൺ അഭിപ്രായപ്പെട്ടത്. ഐ.പി.എൽ ചുരുക്കി സുരക്ഷിതമായ മൂന്ന് വേദികളിലായി കാണികൾ ഇല്ലാതെ നടത്താമെന്നും പീറ്റേഴ്‌സൺ പറഞ്ഞു.
ജൂലൈ- ഓഗസ്റ്റ് മാസത്തിൽ ഐ.പി.എൽ നടത്തുന്നതിനോട് താൻ യോജിക്കുന്നുണ്ടെന്നും മുഴുവൻ താരങ്ങളും ഐ.പി.എൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും പീറ്റേഴ്‌സൺ പറഞ്ഞു. നേരത്തെ മാർച്ച് 29ന് നടക്കേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ നിലവിൽ ഇന്ത്യയിൽ കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഐ.പി.എൽ ഏപ്രിൽ 15ന് നടക്കാനുള്ള സാധ്യത കുറവാണ്.