മോഹൻ ബഗാന്റെ സ്റ്റാർ ഗോൾ കീപ്പറെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

ഈ ഐ ലീഗ് സീസണിൽ മോഹൻ ബഗാനെ കിരീടത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഗോൾ കീപ്പർ ശങ്കർ റോയിയെ ബഗാന്റെ വൈരികളായ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിലാണ് ശങ്കർ റോയ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്. ബഗാൻ എ ടി കെയുമായി ലയിക്കുന്നതോടെ അവസരങ്ങൾ കുറയും എന്നതാണ് ശങ്കർ റോയിയെ ക്ലബ് വിടാൻ പ്രേരിപ്പിച്ചത്.

ഈ സീസണിൽ മോഹൻ ബഗാനു വേണ്ടി 14 മത്സരങ്ങൾ കളിച്ച ശങ്കർ റോയ് ആകെ 9 ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ഏഴു ക്ലീസ് ഷീറ്റ് താരം ഈ ഐ ലീഗിൽ സ്വന്തമാക്കി. അവസാന രണ്ടു സീസണുകളിലായി താരം ബഗാനൊപ്പം ഉണ്ട്. മൊഹമ്മദൻസിലൂടെ വളർന്നു വന്ന താരമാണ്. മുമ്പ് സന്തോഷ് ട്രോഫിയിൽ ബംഗാൾ കിരീടം നേടിയപ്പോൾ ഗോൾ വല കാത്തതും ശങ്കർ റോയ് ആയിരുന്നു.