ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുക പുതിയ സെലക്ഷൻ കമ്മിറ്റിയാവുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയിൽ വെച്ച് മൂന്ന് ഏകദിന മത്സരങ്ങലാണ് ഇന്ത്യ കളിക്കുക. നിലവിൽ കാലാവധി കഴിഞ്ഞ് പുറത്തുപോവുന്ന എം.എസ്.കെ പ്രസാദിനും ഗഗൻ ഖോഠക്കും പകരക്കാരെ കണ്ടെത്താനുള്ള ശ്രമം ബി.സി.സി.ഐ നേരത്തെ തുടങ്ങിയിരുന്നു.
നിലവിൽ ലക്ഷ്മൺ ശിവരാമകൃഷ്ണൻ, അജിത് അഗാർക്കർ, രാജേഷ് ചൗഹാൻ, വെങ്കടേഷ് പ്രസാദ് എന്നിവരാണ് പുതിയ സെലക്ഷൻ കമ്മിറ്റിയിലേക്ക് വരാൻ സാധ്യതയുള്ള മുൻ താരങ്ങൾ. നേരത്തെ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ പഴയ കമ്മിറ്റി തന്നെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിൽ ഉടൻ തന്നെ ഗൗതം ഗംഭീറിന് പകരക്കാരനെ കണ്ടെത്തുമെന്നും ഗാംഗുലി പറഞ്ഞു. നിലവിൽ മദൻ ലാലും സുലക്ഷണ നയിക്കുമാണ് ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലെ അംഗങ്ങൾ.