യുഎഇയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഒപ്പം എത്തി നേപ്പാള്‍. ആദ്യ മത്സരത്തില്‍ യുഎഇ 21 റണ്‍സിന്റെ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ 4 വിക്കറ്റ് വിജയമാണ് നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 107 റണ്‍സിനു പുറത്താക്കിയ നേപ്പാള്‍ 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് 111/6 എന്ന സ്കോര്‍ നേടി വിജയം ഉറപ്പാക്കിയത്.
ദീപേന്ദ്ര സിംഗ് എയിറി 47 റണ്‍സുമായി പുറത്താകാതെ നിന്നതാണ് നേപ്പാളിന്റെ വിജയം ഉറപ്പാക്കിയത്. കെസി കരണ്‍ 20 റണ്‍സും പവന് സാറഫ് 18 റണ്‍സും നേടി നിര്‍ണ്ണാകയ പ്രകടനം പുറത്തെടുത്തു. സുല്‍ത്താന്‍ അഹമ്മദ് യുഎഇയ്ക്കായി 2 വിക്കറ്റ് നേടി. 46/5 എന്ന നിലയിലേക്ക് വീണ നേപ്പാള്‍ പിന്നീടാണ് മത്സരത്തിലേക്ക് തിരികെ വന്നത്. പരമ്പര സ്വന്തമാക്കാനാകുമെന്ന യുഎഇയുടെ പ്രതീക്ഷകളെയാണ് ദീപേന്ദ്രയുടെ ഇന്നിംഗ്സ് ഇല്ലാതാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 19.2 ഓവറില്‍ നേപ്പാള്‍ 107 റണ്‍സിനു പുറത്താക്കുകയായിരുന്നു. സിപി റിസ്വാന് ആണ് യുഎഇയുടെ ടോപ് സ്കോറര്‍. 44 റണ്‍സാണ് റിസ്വാന് നേടിയത്. അവിനാഷ് ബോഹ്റ നേപ്പാളിനായി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ലാമിച്ചാനെ, കെസി കരണ്‍, സോംപാല്‍ കാമി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.