ചായയ്ക്ക് ശേഷം അധികം വൈകാതെ ശ്രീലങ്കയെ ഓള്‍ഔട്ട് ആക്കിയ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ അതിവേഗത്തിൽ സ്കോറിംഗ് നടത്തി. 19 ഓവറിൽ 76 റൺസ് ടീം നേടിയപ്പോള്‍ തമീം ഇക്ബാൽ 35 റൺസും മഹമ്മുദുള്‍ ഹസന്‍ ജോയ് 31 റൺസും നേടിയാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്.
ചായയ്ക്ക് ശേഷം ആഞ്ചലോ മാത്യൂസ് തന്റെ ഇരട്ട ശതകത്തിലേക്ക് അടുക്കുകയാണെന്ന് ഏവരും കരുതിയെങ്കിലും 22 റൺസ് കൂടി നേടുന്നതിനിടെ ടീം ഓള്‍ഔട്ട് ആയപ്പോള്‍ മാത്യൂസിന് 199 റൺസാണ് നേടിയത്. ടീ ബ്രേക്കിന് ശേഷം ശ്രീലങ്ക ക്രീസിലെത്തിയപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ റിട്ടയര്‍ ഹര്‍ട്ടായിരുന്നു. നേരത്തെ താരത്തിന്റെ തലയിൽ ഒരു ബൗൺസര്‍ കൊണ്ടതിനാലായിരുന്നു ഇത്.
പിന്നീട് അസിത ഫെര്‍ണാണ്ടോയെ കൂട്ടുപിടിച്ച് 15 റൺസ് കൂടി മാത്യൂസ് സ്കോറിനോട് ചേര്‍ത്തുവെങ്കിലും നയീം ഹസന്‍ അസിതയെ പുറത്താക്കി തന്റെ അഞ്ചാം വിക്കറ്റ് നേടി. മാത്യൂസിന് ഇരട്ട ശതകം നേടുവാനായി വിശ്വ ഫെര്‍ണാണ്ടോ വീണ്ടും ക്രീസിലെത്തിയെങ്കിലും 7 റൺസ് കൂടി സ്കോറിനോട് ചേര്‍ത്ത താരം 199ൽ ഓള്‍ഔട്ട് ആയി. നയീം ഹസനായിരുന്നു ഈ വിക്കറ്റും.
നയീം ഹസന്‍ 6 വിക്കറ്റും ഷാക്കിബ് 3 വിക്കറ്റും നേടിയാണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്.