അരങ്ങേറ്റ മത്സരത്തിൽ തന്നെ ഐ.സി.സിയുടെ പെരുമാറ്റചട്ടം ലംഘിച്ച ഇന്ത്യൻ ബൗളർ നവദീപ് സെയ്നിക്കെതിരെ ഐ.സി.സി നടപടി. വെസ്റ്റിൻഡീസിനെതിരായ മത്സരത്തിൽ നിക്കോളാസ് പൂരനെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം താരത്തിന്റെ ആഘോഷം അതിരുകടന്നതാണ് ഐ.സി.സി നടപടി എടുക്കാൻ കാരണം. ഇത് പ്രകാരം താരത്തിന് ഒദ്യോഗികമായി മുന്നറിയിപ്പും ഒരു ഡിമെറിറ്റ് പോയിന്റും ലഭിക്കും.
മത്സരത്തിൽ സ്വപ്‍ന തുല്യമായ അരങ്ങേറ്റം നടത്തിയ സെയ്നി 4 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് എടുത്തിരുന്നു. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും ഇതോടെ താരത്തെ തേടിയെത്തിയിരുന്നു. സെയ്നി തന്റെ മേൽ ആരോപിച്ച കുറ്റം അംഗീകരിക്കുകയും ഐ.സി.സി നടപടികൾ അംഗീകരിക്കുകയും ചെയ്തതോടെ ഐ.സി.സിയുടെ മുൻപിൽ താരം വാദത്തിന് ഹാജരാവേണ്ട ആവശ്യം ഉണ്ടാവില്ല. മത്സരത്തിൽ 16 ബോൾ ബാക്കി നിൽക്കെ ഇന്ത്യ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.