കഴിഞ്ഞ തവണ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയുടെ പ്രധാന തുറുപ്പ് ചീട്ട് ചേതേശ്വര്‍ പുജാരയായിരുന്നു. അഡിലെയ്ഡ് ടെസ്റ്റിന് ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി കൂടി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇനിയുള്ള ചുമതല കൂടുതലായി പുജാരയുടെ ചുമലിലാണ് വരുന്നത്.
2018-19 പര്യടനത്തില്‍ 521 റണ്‍സുമായി ചേതേശ്വര്‍ പുജാരയാണ് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. അഡിലെയ്ഡില്‍ അത്ര മികച്ച പ്രകടനം താരത്തില്‍ നിന്നുണ്ടായില്ലെങ്കിലും ആദ്യ ഇന്നിംഗ്സില്‍ പുജാര 43 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ താരം അക്കൗണ്ട് തുറക്കാതെ മടങ്ങി.
പുജാരയ്ക്കായി ഓസ്ട്രേലിയയുടെ കൈവശം ഇനിയും പല അത്ഭുതങ്ങളുമുണ്ടെന്നാണ് താരത്തിന് മുന്നറിയിപ്പെന്ന നിലയില്‍ ലയണ്‍ പറഞ്ഞത്. ആദ്യ ടെസ്റ്റില്‍ താരത്തിനെതിരെ വിജയം കൈവരിക്കുവാനായ ടീമിന് പരമ്പരയില്‍ ഇനിയും അത് സാധ്യമാണെന്ന് ലയണ്‍ പറഞ്ഞു.
തനിക്ക് ഈ രഹസ്യങ്ങള്‍ പുറത്ത് വിടാനാവില്ലെങ്കിലും ലോകോത്തര ബാറ്റ്സ്മാനെന്ന നിലയില്‍ പുജാര ഉയര്‍ത്തുവാന്‍ പോകുന്ന വെല്ലുവിളിയെക്കുറിച്ച് തനിക്കും ടീമിനും ബോധ്യമുണ്ടെന്നും അതിനെ തടയിടുവാനുള്ള പദ്ധതികള്‍ ടീമിന്റെ കൈവശമുണ്ടെന്നും ലയണ്‍ സൂചിപ്പിച്ചു.