ഇന്നലെ നടന്ന ആദ്യ ടി20യില്‍ അയര്‍ലണ്ടിനെതിരെ മികച്ച വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 132/6 എന്ന സ്കോര്‍ നേടിയപ്പോള്‍ 4 പന്ത് ബാക്കി നില്‍ക്കെ 5 വിക്കറ്റുകളുടെ നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്‍ ലക്ഷ്യം മറികടന്നത്. മുഹമ്മദ് നബിയാണ് കളിയിലെ താരം.
65/6 എന്ന നിലയിലേക്ക് വീണ അയര്‍ലണ്ടിനെ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ജോര്‍ജ്ജ് ഡോക്രെല്‍-സ്റ്റുവര്‍ട് പോയന്റര്‍ കൂട്ടുകെട്ടാണ് പൊരുതാവുന്ന സ്കോറായ 132ലേക്ക് നയിച്ചത്. 67 റണ്‍സാണ് 8.2 ഓവറില്‍ നിന്ന് ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ നേടിയത്. ഡോക്രെല്‍ 34 റണ്‍സും പോയന്റര്‍ 31 റണ്‍സും നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനു വേണ്ടി റഷീദ് ഖാനും മുഹമ്മദ് നബിയും രണ്ട് വീതം വിക്കറ്റ് നേടി. നബി തന്റെ നാലോവറില്‍ 16 റണ്‍സും റഷീദ് ഖാന്‍ 21 റണ്‍സും മാത്രമാണ് വിട്ട് നല്‍കിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയപ്പോള്‍ 50/5 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ വീണുവെങ്കിലും ബാറ്റിംഗിലൂടെയും നബി നായകനായി മാറുകയായിരുന്നു. നിര്‍ണ്ണായകമായ ആറാം വിക്കറ്റില്‍ 86 റണ്‍സ് നേടി മുഹമ്മദ് നബിയും നജീബുള്ള സദ്രാനും അഫ്ഗാന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. മുഹമ്മദ് നബി 49 റണ്‍സും സദ്രാന്‍ 40 റണ്‍സും നേടി അപരാജിതരായി നിന്നു. അയര്‍ലണ്ടിനു വേണ്ടി ബോയഡ് റാങ്കിന്‍ 2 വിക്കറ്റ് നേടി.