കുഞ്ഞന്മാരെ തകര്‍ത്തെത്തിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്

- Advertisement -

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സിക്കിമിനെിതിരെ റണ്‍സ് അടിച്ച് കൂട്ടിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും പൊരുതി ടീമിനെ 155 റണ്‍സിലേക്ക് നയിച്ചുവെങ്കിലും സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരിന്നിംഗ്സില്‍ ഏറ്റവും അധികം താരങ്ങള്‍ പൂജ്യത്തിനു പുറത്താകുക എന്ന നാണംകെട്ട റെക്കോര്‍ഡിനാണ് മുംബൈയ്ക്ക് ഇന്ന് പഞ്ചാബിനെതിരെ നേടേണ്ടി വന്നത്.

150/5 എന്ന നിലയില്‍ നിന്ന് 155 ടീം ഓള്‍ഔട്ട് ആയപ്പോള്‍ അജിങ്ക്യ രഹാനെ, സിദ്ധേഷ് ലാഡ്, ശര്‍ദ്ധുല്‍ താക്കൂര്‍, മുലാനി, ധവാല്‍ കുല്‍ക്കര്‍ണ്ണി, തുഷാര്‍ ദേശ്പാണ്ടേ എന്നിവരാണ് പൂജ്യത്തിനു പുറത്തായ താരങ്ങള്‍. 49 പന്തില്‍ 80 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും 46 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരും മുംബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും പിന്നീട് കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയായിരുന്നു.

പഞ്ചാബിനായി ബല്‍തേജ് സിംഗും ബരീന്ദര്‍ സ്രാനും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ സന്ദീപ് ശര്‍മ്മ 2 വിക്കറ്റ് നേടി. ഇന്നലെ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ അയ്യരുടെ(147) റെക്കോര്‍ഡ് ശതകത്തിന്റെ ബലത്തില്‍ 258 റണ്‍സ് നേടിയ മുംബൈ സിക്കിമിനെ 104 റണ്‍സില്‍ നിര്‍ത്തി 154 റണ്‍സിന്റെ വലിയ വിജയമാണ് സ്വന്തമാക്കിയത്.

Advertisement