താന്‍ കന്നി ഇരട്ട ശതകം നേടിയ ബാറ്റ് ലേലം ചെയ്യുവാനൊരുങ്ങി മുഷ്ഫിക്കുര്‍ റഹിം, തുക കോവിഡ് രോഗികള്‍ക്ക്

താന്‍ തന്റെ കന്നി ഇരട്ട ശതകം നേടിയപ്പോള്‍ ഉപയോഗിച്ച ബാറ്റ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് വേണ്ടി ലേലം ചെയ്യാന്‍ ഒരുങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം മുഷ്ഫിക്കുര്‍ റഹിം. ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റില്‍ 2013ല്‍ ആണ് ഈ നേട്ടം മുഷ്ഫിക്കുര്‍ സ്വന്തമാക്കിയത്.

ബാറ്റ് തനിക്ക് ഏറെ പ്രിയപ്പെട്ടതാണെങ്കിലും ഇപ്പോള്‍ കോവിഡ് രോഗികളെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അതിനാല്‍ തന്നെ ലേലത്തിന് തയ്യാറായത് പൂര്‍ണ്ണ സമ്മതത്തോടെയാണെന്നും താരം വ്യക്തമാക്കി. ബംഗ്ലാദേശിന് വേണ്ടി ആദ്യമായി ഇരട്ട ശതകം നേടുന്ന താരമാണ് മുഷ്ഫിക്കുര്‍ റഹിം.

ഈ നടപടിയിലൂടെ ഒന്ന് രണ്ട് ആളുകളെയെങ്കിലും സഹായിക്കാനായാല്‍ അത് വലിയ കാര്യമാണെന്നും ഈ ലേലത്തിന് മികച്ച പ്രതികരണം ലഭിച്ചാല്‍ താന്‍ ഇനിയും ചില ബാറ്റുകള്‍ ഇത് പോലെ ലേലത്തിന് വയ്ക്കുവാന് തയ്യാറാണെന്നും മുഷ്ഫിക്കുര്‍ റഹിം വ്യക്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മൂന്ന് ഇരട്ട ശതകങ്ങളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. 2018ലും 2020ലും സിംബാബ്‍വേയ്ക്കെതിരെ മുഷ്ഫിക്കുര്‍ ഇരട്ട ശതകങ്ങള്‍ നേടിയിട്ടുണ്ട്.

ഇത് കൂടാതെ തന്റെ ശമ്പളത്തിന്റെ പകുതിയും താരം സംഭാവനയായി നല്‍കിയിട്ടുണ്ട്.