സെലെക്ഷൻ കമ്മിറ്റിയിൽ ഉള്ള അഞ്ച് പേരിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച വ്യക്തി മുഖ്യ സെലക്ടർ ആവുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ബി.സി.സി.ഐ നിയമത്തിൽ സീനിയർ വ്യക്തി സെലക്ഷൻ കമ്മിറ്റി ചെയർമാൻ ആവുമെന്നായിരുന്നു ഉണ്ടായിരുന്നത്. അത് പ്രായം കൂടിയോ വ്യക്തിയാണോ അതോ കൂടുതൽ മത്സരം കളിച്ച വ്യക്തിയാണോ എന്ന സംശയം നിലനിൽക്കെയാണ് അതിന് വ്യക്തത വരുത്തിക്കൊണ്ട് സൗരവ് ഗാംഗുലി രംഗത്തെത്തിയായത്.
നിലവിൽ മുൻ ക്രിക്കറ്റ് താരങ്ങളായ അജിത് അഗർക്കാർ, ലക്ഷ്മൺ ശിവരാമകൃഷ്ണൻ, വെങ്കടേഷ് പ്രസാദ്, രാജേഷ് ചൗഹാൻ, നയൻ മോംഗിയ, നിഖിൽ ചോപ്ര, എബി കുരുവിള എന്നിവർ എല്ലാം സെലക്ഷൻ കമ്മിറ്റിയിൽ ഒഴിവുള്ള രണ്ട് സ്ഥാനത്തേക്കായി അപേക്ഷ നൽകിയിട്ടുണ്ട്. ഇവരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മൂന്നംഗ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയെ കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. മദൻ ലാൽ, ആർ.പി സിങ്, സുലക്ഷണ നായിക് എന്നിവരെയാണ് ക്രിക്കറ്റ് അഡ്വൈസറി അംഗങ്ങളായി കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ചത്.