ഓവലിൽ ഇംഗ്ലണ്ടിനെതിരെയുള്ള മികച്ച പ്രകടനത്തിന് ശേഷം ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് ഐസിസി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ 15-ാം സ്ഥാനത്തേക്ക് ഉയർന്ന് കരിയറിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ചു. 674 പോയിന്റാണ് സിറാജിനുള്ളത്. ഓവലിൽ ഇന്ത്യക്ക് 6 റൺസിന്റെ ആവേശകരമായ വിജയം നേടിക്കൊടുക്കുന്നതിൽ സിറാജിന്റെ 9 വിക്കറ്റുകൾ നേടി. അതിൽ അവസാന ഇന്നിങ്സിലെ ഒരു ഫൈവ് വിക്കറ്റ് ഹാളും ഉൾപ്പെടുന്നു.

കഴിഞ്ഞ വർഷം നേടിയ 16-ാം റാങ്കിംഗ് മറികടന്നാണ് സിറാജ് ഇപ്പോൾ 15-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഓവലിൽ 8 വിക്കറ്റുകൾ നേടിയ സിറാജിന്റെ സഹതാരം പ്രസിദ്ധ് കൃഷ്ണയും കരിയറിലെ ഏറ്റവും മികച്ച റാങ്കായ 59-ാം സ്ഥാനത്തേക്ക് ഉയർന്നു.
ജോലിഭാരം കാരണം ഈ പരമ്പരയിലെ മൂന്ന് ടെസ്റ്റുകൾ മാത്രം കളിച്ച ഇന്ത്യൻ പേസ് ബൗളിംഗ് കുന്തമുനയായ ജസ്പ്രീത് ബുംറ 889 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഓവലിൽ ഈ പരമ്പരയിലെ തൻ്റെ രണ്ടാം സെഞ്ചുറി നേടിയ ശേഷം ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ അഞ്ചിൽ തിരിച്ചെത്തി. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 792 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് ജയ്സ്വാൾ ഇപ്പോൾ. ഈ നിമിഷത്തിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ ടെസ്റ്റ് ബാറ്ററും ജയ്സ്വാളാണ്. പരിക്ക് കാരണം അവസാന ടെസ്റ്റ് നഷ്ടമായ ഋഷഭ് പന്ത് ഒരു സ്ഥാനം താഴോട്ടുപോയി എട്ടാം സ്ഥാനത്താണ്.
ഇംഗ്ലണ്ട് നിരയിൽ, ജോ റൂട്ട് തൻ്റെ തുടർച്ചയായ മൂന്നാം സെഞ്ചുറി നേടി ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചു. ഹാരി ബ്രൂക്ക് തൻ്റെ വേഗമേറിയ 111 റൺസ് നേട്ടത്തോടെ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി.