പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഹസ്നൈന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗളിംഗ് തുടരാം എന്നറിയിച്ച് ഐസിസി. ലാഹോറിലെ ഐസിസി അംഗീകൃത കേന്ദ്രത്തിൽ നടത്തിയ സ്വകാര്യ റീ അസ്സെസ്സമെന്റ് വിജയിച്ചതോടെയാണ് താരത്തിന്റെ വിലക്ക് നീക്കിയത്.
സിഡ്നി തണ്ടറിന് വേണ്ടി ബിഗ് ബാഷിൽ കളിച്ചപ്പോള്‍ ജനുവരിയിലാണ് താരത്തിന്റെ ആക്ഷന്‍ സംശയാസ്പദമാണെന്ന് അമ്പയര്‍ ജെറാര്‍ഡ് അബൂദ് വ്യക്തമാക്കിയത്. തുടര്‍ന്ന് അടുത്ത മാസം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് ശേഷമാണ് താരത്തിന്റെ ആക്ഷന്‍ പരിശോധിച്ചത്.
അതിന് ശേഷം പ്രാദേശിക ക്രിക്കറ്റിൽ താരത്തിന് ബൗളിംഗ് അനുമതി ലഭിച്ചുവെങ്കിലും താരത്തോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആക്ഷന്‍ ശരിയാക്കുവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാക്കിസ്ഥാന്റെ ഹൈ പെര്‍ഫോമന്‍സ് കോച്ച് ഉമര്‍ റഷീദുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹസ്നൈന്‍ മേയ് 21ന് ആണ് വീണ്ടും ആക്ഷന്‍ ടെസ്റ്റിന് വിധേയനാകുകയായിരുന്നു.
ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹാട്രിക് നേട്ടത്തിന് ഉടമയാണ് മുഹമ്മദ് ഹസ്നൈന്‍.