വഖാറിനെതിരെ വിവാദ പ്രസ്താവനയുമായി മുഹമ്മദ് ആസിഫ്

മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം വഖാര്‍ യൂനിസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന്റെ സ്വിംഗ് ബൗളിംഗ് പ്രഗത്ഭരില്‍ പ്രമുഖരാണ് വഖാറും ആസിഫും. വഖാര്‍ സ്വിംഗ് ലഭിയ്ക്കുവാനായി പന്തില്‍ കൃത്രിമം കാണിച്ചിരുന്നുവെന്നാണ് ആസിഫിന്റെ വെളിപ്പെടുത്തല്‍.

ഇവര്‍ ഒരുമിച്ച് ക്രിക്കറ്റ് കളിച്ചിട്ടില്ലെങ്കിലും താരം റിവേഴ്സ് സ്വിംഗ് ലഭിയ്ക്കുന്നതിന് വേണ്ടി പന്ത് ദുരുപയോഗം ചെയ്യുമായിരുന്നുവെന്ന വിവാദ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്. ന്യൂ ബോളില്‍ പന്തെറിയുവാന്‍ താരത്തിന് അറിയില്ലായിരുന്നുവെന്നും അത് കരിയറിന്റെ അവസാന ഘട്ടത്തില്‍ മാത്രമാണ് വഖാര്‍ പഠിച്ചെടുത്തതെന്നും ആസിഫ് ആരോപിച്ചു.

കോച്ചെന്ന നിലയില്‍ പാക്കിസ്ഥാന്‍ ഇതിഹാസം പരാജയം ആണന്നും മികച്ച രീതിയില്‍ റിവേഴ്സ് സ്വിംഗ് നടത്തുവാന്‍ കഴിയുന്ന ഒരു യുവ ബൗളറെ ഇതുവരെ വഖാര്‍ സൃഷ്ടിച്ചെടുത്തിട്ടില്ലെന്നും വഖാര്‍ വ്യക്തമാക്കി. ഇപ്പോളത്തെ കോച്ചിംഗ് സമീപനം മാറ്റിയില്ലെങ്കില്‍ ഗുണമേന്മയുള്ള പേസര്‍മാര്‍ പാക്കിസ്ഥാന് അന്യം നിന്ന് പോകുമെന്നും ഇപ്പോള്‍ തന്നെ മികച്ച നിലവാരമുള്ള പേസര്‍മാര്‍ പാക്കിസ്ഥാനില്ലെന്നും ആസിഫ് പറഞ്ഞു.