ICC അമേരിക്കയിലെ മേജർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾക്ക് ഔദ്യോഗിക ലിസ്റ്റ്-എ പദവി നൽകി. അടുത്ത സീസൺ മുതൽ ആകും MLC-ക്ക് ഈ പദവി ലഭിക്കുക. ലീഗിന്റെ രണ്ടാം സീസണിൽ തന്നെ എ ലിസ്റ്റ് ചെയ്യപ്പെട്ടത് അമേരിക്കയിലെ ക്രിക്കറ്റിന് ഊർജ്ജമാകും. ഐസിസിയുടെ നീക്കം എംഎൽസിയെ ഔദ്യോഗിക ടി20 ലീഗായും അമേരിക്കയിലെ ആദ്യത്തെ ലോകോത്തര ആഭ്യന്തര ടൂർണമെൻ്റായും മാറ്റും.
ഇനി ഈ ലീഗിൽ നേടുന്ന ഓരോ സെഞ്ചുറിയും, അർധസെഞ്ചുറിയും, റണ്ണൗട്ട്, ജയം, തോൽവി, ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം താരങ്ങളുടെ കരിയർ സ്റ്റാറ്റിസ്റ്റിക്സ് ആയി രേഖപ്പെടുത്താൻ ആകും. റെക്കോർഡുകളും ഐ സി സി യുടെ റെക്കോർഡുകളിൽ ഉൾപ്പെടും.
എംഎൽസിയിൽ കഴിഞ്ഞ വർഷം ലോകമെമ്പാടുമുള്ള നിരവധി കളിക്കാർ പങ്കെടുത്തിരുന്നു. അടുത്ത സീസണിൽ ടൂർണമെന്റിൽ മത്സരങ്ങൾ ഇരട്ടിയാക്കും. ഇപ്പോൾ ലോസ് ഏഞ്ചൽസ് നൈറ്റ് റൈഡേഴ്സ്, എംഐ ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ യൂണികോൺസ്, സിയാറ്റിൽ ഓർക്കാസ്, ടെക്സസ് സൂപ്പർ കിംഗ്സ്, വാഷിംഗ്ടൺ ഫ്രീഡം എന്നീ ആറ് ടീമുകൾ ആണ് ലീഗിൽ ഉള്ളത്.