തന്റെ കന്നി ശതകം നേടിയെങ്കിലും ഇംഗ്ലണ്ടിനെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ആദ്യ ഏകദിനത്തില്‍ വിജയത്തിലേക്ക് എത്തിക്കുവാന്‍ സാം ബില്ലിംഗ്സിന് സാധിച്ചിരുന്നില്ല. എന്നാല്‍ തനിക്ക് ശതകം നേടാനായതില്‍ സന്തോഷമുണ്ടെന്നാണ് സാം ബില്ലിംഗ്സ് പറഞ്ഞത്. ഇംഗ്ലണ്ട് പോലുള്ള കരുതുറ്റ ടീമിലേക്ക് തന്നെയും പരിഗണിക്കണമെന്ന് പറയുവാന്‍ തനിക്ക് ഈ ഇന്നിംഗ്സിലൂടെ സാധിച്ചുവെന്നാണ് കരുതുന്നതെന്ന് സാം ബില്ലിംഗ്സ് വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാല്‍ ബെന്‍ സ്റ്റോക്സ് പരമ്പരയില്‍ കളിക്കാത്തതിനാലാണ് ബില്ലിംഗ്സിന് അവസരം ലഭിച്ചത്. ഇംഗ്ലണ്ട് 57/4 എന്ന നിലയിലേക്ക് വീണ ശേഷം ജോണി ബൈര്‍സ്റ്റോയുമായി ചേര്‍ന്ന് പുറത്തെടുത്ത ഇന്നിംഗ്സ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കുന്ന ഒന്നായിരുന്നു. 113 റണ്‍സ് ഇരുവരും ചേര്‍ന്ന് നേടിയെങ്കിലും ബൈര്‍സ്റ്റോ പുറത്തായ ശേഷം വന്ന താരങ്ങള്‍ക്ക് ബില്ലിംഗ്സിന് പിന്തുണ നല്‍കുവാന്‍ കഴിയാതെ വന്നപ്പോള്‍ ഇംഗ്ലണ്ട് 19 റണ്‍സിന്റെ തോല്‍വി വഴങ്ങി. അവസാന പന്തിലാണ് സാം പുറത്തായത്.
സമ്മിശ്രമായ വികാരമാണ് തനിക്ക് ഈ മത്സര ഫലത്തിലുള്ളതെന്നാണ് ബില്ലിംഗ്സ് പറഞ്ഞത്. ജയിക്കാനാകാത്തതില്‍ സങ്കടവും ശതകം നേടിയതില്‍ സന്തോഷവും. ബെന്‍ സ്റ്റോക്സ് ഇല്ലാത്തിനാലാണ് താന്‍ ടീമിലുള്ളതെന്ന് വ്യക്തം, എന്നാല്‍ എത്ര റണ്‍സ് നേടിയാലും തനിക്ക് ഈ സ്ഥാനം ലഭിയ്ക്കുമെന്ന് ഉറപ്പൊന്നുമില്ലെന്നും ബില്ലിംഗ്സ് വ്യക്തമാക്കി.