റൺസൊന്നും എടുക്കാതെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെ ഇന്നിംഗ്സാസ് കളിച്ച് റെക്കോർഡിട്ട് വെസ്റ്റിൻഡീസ് താരം മിഗെൽ കമ്മിൻസ്. ഇന്ത്യക്കെതിരെയുള്ള ആദ്യ ടെസ്റ്റിലാണ് നാണക്കേടിന്റെ റെക്കോർഡ് മിഗെൽ കമ്മിൻസിന്റെ പേരിലായത്. മത്സരത്തിൽ 45 പന്ത് നേരിട്ട് 95 മിനുട്ടോളം ഗ്രൗണ്ടിൽ ചിലവഴിച്ച കമ്മിൻസ് റൺസ് ഒന്നും എടുക്കാതെ പുറത്താവുകയായിരുന്നു.
അതെ സമയം കമ്മിൻസ് റൺസ് ഒന്നും എടുത്തില്ലെങ്കിലും ഒൻപതാം വിക്കറ്റിൽ ക്യാപ്റ്റൻ ജേസൺ ഹോൾഡറെ കൂട്ടുപിടിച്ച് വിലപ്പെട്ട 41 റൺസ് കൂട്ടിച്ചേർക്കാൻ താരത്തിനായി. ഏറ്റവും കൂടുതൽ സമയം ക്രീസിൽ ചിലവഴിച്ചിട്ടും റൺസ് ഒന്നും എടുക്കാതെ പുറത്തായ റെക്കോർഡ് ന്യൂ സിലാൻഡ് താരം ജിയോഫ് അലോട്ടിന്റെ പേരിലാണ്. 101 മിനിറ്റ് ക്രീസിൽ നിന്നിട്ട് താരത്തിന് റൺസ് ഒന്നും എടുക്കാനായിരുന്നില്ല. 1999ൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റിലായിരുന്നു അലോട്ടിന്റെ ഈ റെക്കോർഡ്.