ആവേശ പോരാട്ടത്തിന് ഒടുവിൽ ഫിയോരന്റീനയെ മറികടന്ന് നാപോളി

ആവേശകരമായ മത്സരത്തിന് ഒടുവിൽ നാപോളിക്ക് ആവേശ ജയം. ശക്തരായ ഫിയോരന്റീനയെ 3-4 ന് മറികടന്നാണ് ആഞ്ചലോട്ടിയുടെ ടീം സീരി എ യിലെ ആദ്യ മത്സരം സ്വന്തമാക്കിയത്.

2 പെനാൽറ്റികൾ പിറന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് ഫിയോരന്റീനയാണ് ആദ്യം ലീഡ് നേടിയത്. ഒൻപതാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി എറിക് പുൾഗാർ ആണ് അവരെ മുന്നിൽ എത്തിച്ചത്‌. പക്ഷെ 38 ആം മിനുട്ടിൽ മെർട്ടൻസും, 42 ആം മിനുട്ടിൽ ലഭിച്ച വിവാദ പെനാൽറ്റി ഗോളാക്കി ഇൻസിനെയും ആദ്യ പകുതി നാപോളിക്ക് സ്വന്തമാക്കി.

രണ്ടാം പകുതിയിൽ ഫിയോരന്റീന തിരിച്ചു വന്നു. ഇത്തവണ മിലെൻകോവിക്കിന്റെ ഗോളാണ് അവർക്ക് രക്ഷയായത്. പക്ഷെ ആദ്യ പകുതിയുടെ ആവർത്തനം പോലെ കല്ലേഹോൻ നാപോളിയുടെ ലീഡ് പുനസ്ഥാപിച്ചു. 65 ആം മിനുട്ടിൽ കെവിൻ പ്രിൻസ് ബോട്ടേങ് സ്കോർ വീണ്ടും സമനിലയാക്കി. 3-3 ൽ നിൽക്കേ ഇൻസിനെ വീണ്ടും വലകുലുക്കിയതോടെ മത്സരത്തിന്റെ മത്സരത്തിന്റെ അവസാന 20 മിനിറ്റുകൾ ആവേഷകരവും പരുക്കനുമായി. എങ്കിലും ലീഡ് കാത്ത നാപോളി വിലപ്പെട്ട 3 പോയിന്റുമായാണ് നേപ്പിൾസിലേക്ക് മടങ്ങിയത്.

Previous articleമുന്നിൽ നിന്ന് നയിച്ച് കോഹ്‌ലിയും രഹാനെയും, ഇന്ത്യ കൂറ്റൻ ലീഡിലേക്ക്.
Next articleനാണക്കേടിന്റെ ബാറ്റിംഗ് റെക്കോർഡിട്ട് മിഗെൽ കമ്മിൻസ്