സര്‍ഫ്രാസ് വിഷയം, ഞങ്ങള്‍ പരാതി നല്‍കിയിട്ടില്ലന്ന് ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍, മാച്ച് റഫറി നടപടികള്‍ ആരംഭിച്ചു

Sports Correspondent

ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെഹ്ലുക്വായോയ്ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെതിരെ ഐസിസി നടപടി ആരംഭിക്കുവാനുള്ള പ്രാരംഭ നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സൂചന. ദക്ഷിണാഫ്രിക്കയുടെ ടീം മാനേജറുടെ വാക്കുകള്‍ പ്രകാരം സര്‍ഫ്രാസിനെതിരെ ദക്ഷിണാഫ്രിക്ക യാതൊരുവിധ പരാതിയും നല്‍കിയിട്ടില്ലെന്നാണ് പറഞ്ഞത്.

എന്നാല്‍ മാച്ച് റഫറി ഇതിന്മേല്‍ അന്വേഷണത്തിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെന്നാണ് തങ്ങള്‍ക്ക് അറിയാനാകുന്നതെന്നും ദക്ഷിണാഫ്രിക്കന്‍ ടീം മാനേജര്‍ പറഞ്ഞു.

രണ്ടാം ഏകദിനത്തിനിടെയാണ് സര്‍ഫ്രാസ് അഹമ്മദ് താരത്തിനെതിരെ വംശീയമായ പരമാര്‍ശം നടത്തിയത്. ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഓള്‍റൗണ്ട് പ്രകടനമാണ് ഫെഹ്ലുക്വായോ നടത്തിയത്. 4 വിക്കറ്റ് നേടിയ താരം 69 റണ്‍സ് നേടി പുറത്താകാതെ നിന്ന് ടീമിന്റെ വിജയത്തില്‍ ഭാഗമാകുകയായിരുന്നു.