ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മാർലോൺ സാമുവെൽസ്

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് താരം മാർലോൺ സാമുവെൽസ്. 2018 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് സാമുവെൽസ് അവസാനമായി വെസ്റ്റിൻഡീസിന് വേണ്ടി കളിച്ചത്. 2000ൽ ക്രിക്കറ്റിൽ സജീവമായ സാമുവെൽസ് നിരവധി ഐ.പി.എൽ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ഡൽഹി ഡെയർഡെവിൾസ്, പൂനെ വാരിയേഴ്‌സ്, മെൽബൺ റെനെഗേഡ്സ്, പെഷവാർ സൽമി എന്നീ ടി20 ഫ്രാഞ്ചൈസികൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

രണ്ട് ടി20 ലോകകപ്പ് ഫൈനലുകളിൽ വെസ്റ്റിൻഡീസ് ജയിച്ചപ്പോൾ അത് രണ്ടിലും ടോപ് സ്‌കോറർ സാമുവെൽസ് ആയിരുന്നു. രണ്ട് ഐ.സി.സി ഫൈനലുകളിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ഏക താരം കൂടിയാണ് സാമുവെൽസ്. കഴിഞ്ഞ ജൂണിൽ തന്നെ താരം വിരമിക്കുന്ന കാര്യം വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. 2008ൽ ഐ.സി.സി അഴിമതി വിരുദ്ധ സമിതി താരത്തിന് രണ്ട് വർഷത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

വെസ്റ്റിൻഡീസിന് വേണ്ടി 71 ടെസ്റ്റ് മത്സരങ്ങളും 207 ഏകദിന മത്സരങ്ങളും 67 ടി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. എല്ലാ ഫോർമാറ്റിലും കൂടി 11134 റൺസും 17 സെഞ്ചുറികളും 152 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.