തന്നെ ആറാം നമ്പറില്‍ ആവശ്യമാണെന്ന് മാനേജ്മെന്റിനു വ്യക്തതയുണ്ട്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

87 പന്തില്‍ നിന്ന് 81 റണ്‍സ് നേടി പുറത്താകാതെ നിന്ന് മഹേന്ദ്ര സിംഗ് ധോണിയോടൊപ്പം അഞ്ചാം വിക്കറ്റില്‍ അപരാജിതമായ 141 റണ്‍സ് കൂട്ടുകെട്ട് നേടി ഇന്ത്യയെ 6 വിക്കറ്റ് വിജയത്തിലേക്ക് നയിച്ച കേധാര്‍ ജാഥവ് ആയിരുന്നു ആദ്യ ഏകദിനത്തിലെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഓസ്ട്രേലിയ ബാറ്റിംഗ് സമയത്ത് മെല്ലെ നിലയുറപ്പിക്കുവാന്‍ ശ്രമിക്കുന്നതിനിടെ മാര്‍ക്കസ് സ്റ്റോയിനിസിനെയും പുറത്താക്കി താരമാണ് ഇന്ത്യയ്ക്ക് ആവശ്യമായ ബ്രേക്ക് ത്രൂ നല്‍കിയത്.

2018 ജാഥവിനെ സംബന്ധിച്ചു നിരാശയുടെ വര്‍ഷമായിരുന്നു. ഐപിഎലിനിടെ പരിക്കേറ്റ് പിന്നീട് ഏറെക്കാലം കളത്തിനു പുറത്തായിരുന്ന താരം പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ടീമിലെ ആറാം നമ്പര്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ സ്ക്വാഡില്‍ താരത്തിനു ഇടം തീര്‍ച്ചയായും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യയ്ക്ക് വേണ്ടി സ്ഥിരമായി മികവ് പുലര്‍ത്താനാകുന്നത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. പരിക്കേറ്റ് കഴിഞ്ഞും തനിക്ക് വേണ്ടത്ര പ്രോത്സാഹനം ടീം മാനേജ്മെന്റില്‍ നിന്ന് ലഭിയ്ക്കുന്നുണ്ട്. പരിക്ക് മാറി തിരിച്ചു വരുമ്പോളെല്ലാം തനിക്ക് ടീം അവസരം നല്‍കുന്നുണ്ടെന്നും കേധാര്‍ പറഞ്ഞു. എന്റെ കഷ്ടകാല സമയത്ത് എന്നെ പിന്തുണച്ച ക്യാപ്റ്റനും ടീം മാനേജ്മെന്റിനുമാണ് ഇതിന്റെ നന്ദിയെല്ലാം അര്‍പ്പിക്കേണ്ടതെന്ന് പറഞ്ഞ കേധാര്‍ തന്നില്‍ അവര്‍ അര്‍പ്പിച്ച വിശ്വാസത്തിനു ചേരുന്ന പ്രകടനമാണ് താന്‍ പുറത്തെടുത്തതെന്ന് പറഞ്ഞു.

2017 മുതല്‍ താന്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുകയാണ്. ടീം മാനേജ്മെന്റ് തന്നോട് വ്യക്തമാക്കിയിട്ടുള്ളത് ടീമിലുള്ളയിടത്തോളം കാലം താന്‍ ആറാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നാണെന്നും കേധാര്‍ വ്യക്തമാക്കി. ടീമിലെ ഓരോരുത്തരുടെ റോളിനെക്കുറിച്ചും ടീം മാനേജ്മെന്റിനു കൃത്യമായ അറിവുണ്ടെന്നും കേധാര്‍ പറഞ്ഞു.