ഹജ്ജിന് പോകുന്നു, മഹമ്മുദുള്ളയ്ക്ക് അഫ്ഗാന്‍ പരമ്പര നഷ്ടമാകും

Sports Correspondent

ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിൽ നിന്ന് മഹമ്മുദുള്ള പിന്മാറി. താരത്തിന് ഹജ്ജിന് പോകുവാന്‍ ബോര്‍ഡിൽ നിന്ന് അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് ഇത്. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച മഹമ്മുദുള്ളയെ ബംഗ്ലാദേശ് അടുത്തിടെയായി വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും അധികമായി പരിഗണിച്ചിരുന്നില്ല.

മഹമ്മുദുള്ള റിയാദ് ജൂൺ 22 മുതൽ ജൂലൈ 6 വരെ ഹജ്ജിന് പോകുകയാണെന്നും അതിനാൽ തന്നെ താരത്തിന് ഏകദിന പരമ്പരയിൽ പങ്കെടുക്കാനാകില്ലെന്നാണ് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ ജലാല്‍ യൂനുസ് പറയുന്നത്. ജൂലൈ 5ന് ആണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം.

താരത്തിന്റെ ഈ നീക്കം ലോകകപ്പ് സ്ക്വാഡ് തിരഞ്ഞെടുക്കലിൽ താരത്തിന് തന്നെ തിരിച്ചടിയാകുവാന്‍ സാധ്യതയുണ്ട്.