മെസ്സി ഇതുവരെ അര്‍ജന്റീനയ്ക്കായി കിരീടങ്ങള്‍ നേടിയിട്ടില്ല, വിരാട് കോഹ്‍ലിയുടെ ഐസിസി കിരീട ദാരിദ്ര്യത്തെക്കുറിച്ച് റമീസ് രാജ

Sports Correspondent

ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സിയ്ക്ക് ഇതുവരെ അര്‍ജന്റീനയ്ക്ക് വേണ്ടി പ്രധാന കിരീടം നേടാനായിട്ടില്ലെന്നത് ഏവരും ഓര്‍ക്കണമെന്ന് പറഞ്ഞ് റമീസ് രാജ. വിരാട് കോഹ്‍ലിയ്ക്ക് ഇന്ത്യയ്ക്ക് വേണ്ടി ഐസിസി കിരീടങ്ങള്‍ നേടാനായിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചപ്പോളാണ് കോഹ്‍ലിയെ മെസ്സിയുമായി താരതമ്യം ചെയ്യുവാന്‍ റമീസ് തുനിഞ്ഞത്.

ന്യൂസിലാണ്ടിനെതിരെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുകയാണ് വിരാട് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ. 2017ൽ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തിയ ഇന്ത്യ അന്ന് പാക്കിസ്ഥാനോട് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. വലിയ മത്സരങ്ങളിൽ കളിക്കുവാനുള്ള ടെംപെര്‍മെന്റാണ് വേണ്ടതെന്നും അത്തരം അവസരങ്ങള്‍ മുതലാക്കുകയാണ് വലിയ താരങ്ങളെ വ്യത്യസ്തരാക്കുന്നതെന്നും റമീസ് രാജ പറഞ്ഞു.

സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ് വലിയ മത്സരങ്ങളിലെല്ലാം മികവ് പുലര്‍ത്തിയിരുന്ന താരമായിരുന്നുവെന്നും വിരാട് കോഹ്‍ലി ഇപ്പോൾ തന്നെ ഇതിഹാസമാണെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുവാനായാൽ അത് താരത്തിന്റെ കിരീടത്തിലെ പൊന്‍തൂവലാകുമെന്നും റമീസ് രാജ വ്യക്തമാക്കി.