അഫ്ഗാനിസ്ഥാൻ ടീമിന്റെ പരിശീലകനായി മുൻ സൗത്ത് ആഫ്രിക്കൻ താരം ലാൻസ് ക്ലൂസ്നറിനെ നിയമിച്ചു. നിലവിൽ അഫ്ഗാനിസ്ഥാൻ പരിശീലകനായിരുന്ന ഫിൽ സിമ്മൺസിന്റെ കാലാവധി കഴിഞ്ഞതോടെയാണ് പുതിയ പരിശീലകനെ അഫ്ഗാനിസ്ഥാൻ നിയമിച്ചത്.
അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ലഭിച്ച 50ൽ പരം അപേക്ഷകളിൽ നിന്നാണ് ലാൻസ് ക്ലൂസ്നറിനെ പരിശീലകനായി തിരഞ്ഞെടുത്തത്. നവംബറിൽ നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയാണ് ലാൻസ് ക്ലൂസ്‌നറിന്റെ ആദ്യ പരിശീലക ദൗത്യം.
ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം മുംബൈ ഇന്ത്യൻസിന്റെ ബൗളിംഗ് പരിശീലകനായും സൗത്ത് ആഫ്രിക്കൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും സിംബാബ്‌വെ ടീമിന്റെ ബാറ്റിംഗ് പരിശീലകനായും സൗത്ത് ആഫ്രിക്കൻ ടി20 ടീമിന്റെ ബാറ്റിംഗ് പരിശീലകനായും ക്ലൂസ്‌നർ പ്രവർത്തിച്ചിട്ടുണ്ട്.













