നൂറ് ഓവര്‍ ബാറ്റ് ചെയ്യണം, 400 റണ്‍സ് നേടണം – അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ലക്ഷ്യങ്ങളെക്കുറിച്ച് ക്ലൂസ്നര്‍

- Advertisement -

അഫ്ഗാനിസ്ഥാന്റെ ടെസ്റ്റിലെ ലക്ഷ്യങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് മുഖ്യ കോച്ച് ലാന്‍സ് ക്ലൂസ്നര്‍. സിംബാബ്‍വേയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ടീം തയ്യാറെടുക്കുന്നതിനിടെയാണ് എന്തെല്ലാമാണ് അഫ്ഗാനിസ്ഥാന്‍ ഈ പരമ്പരയില്‍ ലക്ഷ്യമാക്കുന്നതെന്ന് ക്ലൂസ്നര്‍ തുറന്ന് പറഞ്ഞത്.

ഏറെ കാലത്തിന് ശേഷമാണ് ടെസ്റ്റ് കളിക്കുന്നതെന്നത് വലിയൊരു വെല്ലുവിളിയാണെന്ന് ലാന്‍സ് ക്ലൂസ്നര്‍ പറഞ്ഞു. അയര്‍ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ 3-0ന്റെ വിജയം നേടുവാന്‍ ടീമിന് സാധിച്ചുവെങ്കിലും ടെസ്റ്റ് ക്രിക്കറ്റെന്നത് വേറെ തന്നെ ഫോര്‍മാറ്റാണെന്നതിനാല്‍ തന്നെ നൂറ് ഓവറുകള്‍ ബാറ്റ് ചെയ്യുക എന്നതാണ് തങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് ക്ലൂസ്നര്‍ വ്യക്തമാക്കി.

നൂറ് ഓവര്‍ ബാറ്റ് ചെയ്ത് 400 റണ്‍സ് നേടുവാനായാല്‍ പൊതുവേ ടീമുകള്‍ സുരക്ഷിതമായ ഒരു സ്ഥാനത്ത് എത്തിയെന്ന് വിശ്വസിക്കാനാകുന്നതാണ്, അതാണ് ടെസ്റ്റില്‍ തങ്ങളുടെ ഇപ്പോളത്തെ മുഖ്യ ലക്ഷ്യമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം പറഞ്ഞു.

അയര്‍ലണ്ടിനെതിരെ താരങ്ങള്‍ക്ക് 50 ഓവര്‍ ബാറ്റ് ചെയ്യുവാനായെങ്കില്‍ ഇവിടെ കൂടുതല്‍ നേരം ബാറ്റ് ചെയ്യണമെന്നതാണ് താന്‍ ബാറ്റ്സ്മാന്മാരോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യമെന്ന് ലാന്‍സ് ക്ലൂസ്നര്‍ വ്യക്തമാക്കി.

Advertisement