അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്കോട്‍ലാന്‍ഡ് മുന്‍ നായകന്‍

Sports Correspondent

Kylecoetzer

മുന്‍ സ്കോട്ലാന്‍ഡ് നായകന്‍ കൈൽ കോയറ്റ്സര്‍ ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് സ്കോട്‍ലാന്‍ഡിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഈ സീനിയര്‍ താരം രാജിവെച്ചത്.

വരുന്ന ടി20 മത്സരങ്ങളിലും ലോകകപ്പിലും കളിക്കുവാന്‍ ഒരു യുവതാരത്തിന് അവസരം നൽകുന്നതാണ് ശരിയെന്ന തോന്നലിൽ നിന്നാണ് താന്‍ ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും അത് താന്‍ കോച്ചിനോടും അസോസ്സിയേഷനോടും ആലോചിച്ചെടുത്തതാണെന്നും കോയറ്റ്സര്‍ വ്യക്തമാക്കി.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുക എന്ന ലക്ഷ്യവും തന്റെ ഈ തീരുമാനത്തിലുണ്ടെന്ന് താരം കൂട്ടിചേര്‍ത്തു. സ്കോട്ലാന്‍ഡിനായി 70 ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ചിട്ടുള്ള താരമാണ് കോയറ്റ്സര്‍. ഇതിൽ 41 എണ്ണത്തിൽ ടീമിനെ നയിച്ച കൈൽ 20 വിജയവും സ്വന്തമാക്കി.