നിറഞ്ഞുകൂടി മുന്നേറ്റതാരങ്ങൾ, വമ്പൻ ക്ലബ്ബുകളിലേക്ക് കൂടുമാറാൻ സന്നദ്ധനായി ഡിപയ്

20220721 200519

ഒളിമ്പിക് ലിയോണിൽ നിന്നും മെംഫിസ് ഡീപെയ് ബാഴ്‌സലോണയിൽ എത്തുമ്പോൾ പരിതാപകരമായിരുന്നു ടീമിന്റെ അവസ്‌ഥ. ലിയോണിലെ കരാർ അവസാനിച്ചു ഫ്രീ ഏജന്റ് ആയിരുന്ന മെംഫിസ് ഡീപെയ് കോമാന്റെ കൂടി പ്രത്യേക താല്പര്യപ്രകാരമാണ് ബാഴ്‌സലോണയിലേക്ക് എത്തിയത്. ടീമിന്റെ സാമ്പത്തിക അവസ്ഥ പരിഗണിച്ച് വരുമാനത്തിലും താരം കുറവ് വരുത്തി. സുവരസിന് പിറകെ മെസ്സി കൂടി ടീം വിട്ടതോടെ ബാഴ്‌സയുടെ ആക്രമണ ചുമതല ഡീപെയുടെ ചുമലിലായി. തുടക്കത്തിലെ പ്രകടനം തുടർന്ന് കാഴ്ച്ച വെക്കാൻ ആയില്ലെങ്കിലും ടീമിനായി സീസണിൽ പതിമൂന്ന് ഗോളുകൾ നേടി. ഇടക്ക് പരിക്കും വില്ലനായെത്തി.

പക്ഷെ ഒരു വർഷം മുന്നത്തെ അവസ്ഥ അല്ല ഇപ്പോൾ ബാഴ്‌സയിൽ. മുൻ നിരയിൽ താരങ്ങളുടെ ധാരാളിത്തമാണ്. ഇതോടെ മികച്ച ക്ലബ്ബുകളിൽ നിന്നും ഓഫർ വന്നാൽ കൂടുമാറാൻ താരം സന്നദ്ധമായേക്കും എന്നാണ് സൂചനകൾ. നിലവിൽ ടോട്ടനം ഡീപെക്ക് വേണ്ടി താൽപര്യം അറിയിച്ചിരുന്നു. പക്ഷെ ബാഴ്‌സലോണ പ്രതീക്ഷിക്കുന്ന കുറഞ്ഞത് ഇരുപത് മില്യൺ യൂറോ എന്ന തുക നൽകാൻ അവർ തയ്യാറാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതേ സമയം താരത്തിന്റെ മുൻ ക്ലബ്ബ് കൂടിയായ മാഞ്ചസ്റ്റർ യുണൈറ്റഡും ഓഫറുമായി ബാഴ്‌സയെ സമീപിച്ചേക്കുമെന്ന് വാർത്ത പ്രസിദ്ധീകരിച്ചത് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ്. റ്റെൻ ഹാഗിന് കീഴിൽ പുതിയ ടീം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന യുണൈറ്റഡും ഒരു പക്ഷെ നേതാർലണ്ട്സ് താരത്തിന് വേണ്ടി ഔദ്യോഗികമായി തന്നെ ഓഫർ വെച്ചേക്കും. മുൻപ് ലിയോണിൽ നിന്നും ഇറങ്ങിയ സമയത്ത് താരത്തെ സമീപിച്ച യുവന്റസ് ആണ് ഡീപെയെ എത്തിക്കാൻ സാധ്യതയുള്ള മറ്റൊരു ടീം.

ലോകകപ്പ് കൂടി അടുത്തിരിക്കുന്ന ഈ ഘട്ടത്തിൽ ലേവാൻഡോവ്സ്കി, ഔബമയങ് എന്നിവരടങ്ങുന്ന മുൻ നിരയിൽ ബെഞ്ചിലിരിക്കുന്നതും ഡീപെയ് മുൻകൂട്ടി കണ്ടിട്ടുണ്ടാവും. അതേ സമയം താരത്തെ ഒഴിവാക്കാൻ ബാഴ്‌സലോണ ഒട്ടും ധൃതി കാണിക്കുന്നില്ല. മികച്ച ഓഫറോ താരം ആവശ്യപ്പെടുന്ന പോലെ വമ്പൻ ക്ലബ്ബോ ആണെങ്കിൽ മാത്രം കൈമാറ്റ സാധ്യത പരിഗണിക്കാൻ ആണ് ബാഴ്‌സയുടെയും തീരുമാനം. ടീമിൽ തുടർന്നാൽ താരത്തിന് അവസരം നൽകാനും സാവി തയ്യാറാകും.