ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനം തുടരുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ എസ് ഭരതിനെ സംരക്ഷിച്ച് ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ്. യുവതാരത്തിന് ഇനിയും സമയം നൽകണം എന്ന് ദ്രാവിഡ് പറഞ്ഞു. ഇന്ത്യക്ക് ആയി ഇതുവരെ 7 ടെസ്റ്റുകൾ കളിച്ച ഭരത് 20.09 ശരാശരിയിൽ ആകെ 221 റൺസാണ് നേടിയത്. ഒരു അർധസെഞ്ചുറി പോലും നേടാനായില്ല. ഈ സീരീസിൽ ഇതുവരെ നാല് ഇന്നിംഗ്സിൽ നിന്ന് 92 റൺസാണ് താരം നേടിയത്.
ഭാരതിന്റെ ബാറ്റിംഗിൽ താൻ നിരാശനല്ലെന്ന് ദ്രാവിഡ് പറഞ്ഞു. “നിരാശ എന്നത് വലിയ ഒരു വാക്കാണ്. സത്യസന്ധമായി പറഞ്ഞാൽ നിരാശ എന്ന വാക്ക് ഞാൻ ഉപയോഗിക്കില്ല. യുവ കളിക്കാർക്ക് മെച്ചപ്പെടാൻ സമയം ആവശ്യമാണ്. അവർ അവരുടെ വേഗതയിൽ വളരുന്നു.” ദ്രാവിഡ് പറയുന്നു.
“രണ്ട് ടെസ്റ്റുകളിലും അദ്ദേഹത്തിൻ്റെ കീപ്പിംഗ് മികച്ചതായിരുന്നു. അദ്ദേഹത്തിൻ്റെ ബാറ്റിംഗിൽ, അദ്ദേഹത്തിന് തീർച്ചയായും ഇനിയും മികച്ച പ്രകടനം നടത്താൻ കഴിയുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” ദ്രാവിഡ് പറഞ്ഞു.