ധോണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് വിശദീകരണവുമായി വിരാട് കോഹ്‌ലി

- Advertisement -

സോഷ്യൽ മീഡിയയിൽ ധോണിയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതിന് വിശദീകരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ധോണിയും വിരാട് കോഹ്‌ലിയും ഓസ്‌ട്രേലിയക്കെതിരെ മത്സരം ജയിപ്പിച്ചതിന് ശേഷമുള്ള ചിത്രം കോഹ്‌ലി സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ ധോണി ക്രിക്കറ്റിൽ നിന്ന് ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുമെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ വിശദീകരണവുമായി വിരാട് കോഹ്‌ലി രംഗത്തെത്തിയത്.

ആ ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ തന്റെ മനസ്സിൽ ഒന്നും ഉണ്ടായിരുന്നില്ലെന്നും വീട്ടിലിരിക്കുമ്പോൾ വെറുതെ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇത്രയും വാർത്തകൾ ഉണ്ടാക്കിയതെന്നും കോഹ്‌ലി പറഞ്ഞു. ഇത് തനിക്കൊരു പാഠം ആണെന്നും താൻ ചിന്തിക്കുന്നത് പോലെ ലോകം മുഴുവൻ ചിന്തിക്കിലെന്ന് മനസ്സിലായെന്നും കോഹ്‌ലി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ മത്സരം താൻ ഇപ്പോഴും ഓർക്കുന്നുണ്ടെന്നും എന്നാൽ താൻ ഇട്ട ആ ഫോട്ടോ ആളുകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്നും കോഹ്‌ലി പറഞ്ഞു.

കോഹ്‌ലിയുടെ ട്വീറ്റിന് ശേഷം ധോണിയുടെ വിരമിക്കലിനെ പറ്റി ഊഹാപോഹങ്ങൾ പ്രചരിച്ചപ്പോൾ ധോണിയുടെ ഭാര്യ സാക്ഷി അത് വെറും റൂമർ ആണെന്ന് പറഞ്ഞ് ട്വീറ്റ് ഇടുകയും ചെയ്തിരുന്നു

Advertisement