ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്ലിയുടെയും രോഹിത് ശർമ്മയുടെയും ഏകദിന ക്രിക്കറ്റിലെ ഭാവി സംബന്ധിച്ച് അഭ്യൂഹങ്ങൾ ശക്തമാകുന്നു. ഓസ്ട്രേലിയക്കെതിരെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയോടെ ഇരുവരും ഏകദിനത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച ഇരുവരും ഏകദിന ക്രിക്കറ്റിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2027-ലെ ഏകദിന ലോകകപ്പ് വരെ ഇവർ കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും, അതിനുമുമ്പുതന്നെ ഇവർ കളി മതിയാക്കുമെന്നാണ് ദൈനിക് ജാഗ്രൺ റിപ്പോർട്ട് ചെയ്യുന്നത്.
പുതിയ തലമുറയിലെ കളിക്കാർക്ക് അവസരം നൽകുന്നതിനെക്കുറിച്ച് സെലക്ടർമാർ ആലോചിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഓസ്ട്രേലിയൻ പരമ്പരയ്ക്ക് ശേഷം ഈ വർഷം ഡിസംബറിൽ നടക്കാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഇരുവരും കളിക്കണമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നതായും വാർത്തകൾ സൂചിപ്പിക്കുന്നു. ഈ പരമ്പരയോടെ ഒരു യുഗത്തിന് അന്ത്യമാകുമോ എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.