ഏകദിന ലോകകപ്പിൽ കെ എൽ രാഹുലിനെ അല്ല ഇഷൻ കിഷനെ ആയിരിക്കണം ഇന്ത്യ ആദ്യ ഇലവനിൽ കളിപ്പിക്കേണ്ടത് എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. തുടർച്ചയായ നാലു അർധ സെഞ്ച്വറി നേടിയ ഒരു താരത്തെ ആദ്യ ഇലവനിൽ നിന്ന് മാറ്റുന്നത് ശരിയാകില്ല എന്നും ഗംഭീർ പറഞ്ഞു.
“ഇഷാൻ കിഷൻ ചെയ്യേണ്ടതെല്ലാം ചെയ്തതായി എനിക്ക് തോന്നുന്നു ഇഷാൻ കിഷൻ ഒരുപാട് അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടില്ലാത്തതുകൊണ്ടു മാത്രം കെഎൽ രാഹുൽ അദ്ദേഹത്തിനേക്കാൾ കളിക്കാൻ അർഹനാണെന്ന് പറയാൻ ആകില്ല” ഗംഭീർ പറഞ്ഞു.
“ഇഷാൻ കിഷന്റെ സ്ഥാനത്ത് വിരാട് കോഹ്‌ലിയോ രോഹിത് ശർമ്മയോ ആയിരുന്നു നാല് അർധ സെഞ്ച്വറി നേടിയത് എങ്കിൽ അവരെ മാറ്റി കെഎൽ രാഹുലിനെ പകരം ഇറക്കുമോ? ‘ഇല്ല'” ഗംഭീർ കൂട്ടിച്ചേർത്തു.
“ഒരു ചാമ്പ്യൻഷിപ്പ് നേടുന്നതിന് എന്താണ് പ്രധാനം – പേരോ ഫോമോ? ലോകകപ്പ് നേടാനുള്ള ഒരുക്കത്തിൽ നിങ്ങൾ ഒരുങ്ങുമ്പോൾ, നിങ്ങൾ അവരുടെ ഫോം നോക്കിയാണ് വിലയിരുത്തേണ്ടത്. നിങ്ങൾക്ക് ലോകകപ്പ് നേടിത്തരാൻ കഴിയുന്ന കളിക്കാരനെ നിങ്ങൾ തിരഞ്ഞെടുക്കണം,” ഗംഭീർ പറഞ്ഞു.