സിംബാബ്‍വേ നല്‍കിയ 153 റൺസ് വിജയ ലക്ഷ്യം അനായാസം മറികടന്ന് അയര്‍ലണ്ട്. കെവിന്‍ ഒബ്രൈന്‍, പോള്‍ സ്റ്റിര്‍ലിംഗ് കൂട്ടുകെട്ടാണ് അയര്‍ലണ്ടിനെ മികച്ച വിജയത്തിലേക്ക് നയിച്ചത്. 18.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് അയര്‍ലണ്ടിന്റെ വിജയം.
പോള്‍ സ്റ്റിര്‍ലിംഗ് – കെവിന്‍ ഒബ്രൈന്‍ കൂട്ടുകെട്ട് 59 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 37 റൺസ് നേടിയ സ്റ്റിര്‍ലിംഗ് പുറത്തായെങ്കിലും മികവ് തുടര്‍ന്ന കെവിന്‍ ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. വിജയം 22 റൺസ് അകലെ നില്‍ക്കുമ്പോളാണ് കെവിന്‍ 41 പന്തിൽ 60 റൺസ് നേടി പുറത്തായത്.
കെവിന്‍ പുറത്തായ ശേഷം ജോര്‍ജ്ജ് ഡോക്രെൽ പുറത്താകാതെ 33 റൺസുമായി ടീമിന്റെ വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിക്കുകയായിരുന്നു. ഇതോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി.
നേരത്തെ മിള്‍ട്ടൺ ശുംഭ – റയാന്‍ ബര്‍ള്‍ കൂട്ടുകെട്ട് നേടിയ 88 റൺസ് കൂട്ടുകെട്ടാണ് സിംബാബ്‍വേയെ 152/5 എന്ന സ്കോറിലേക്ക് എത്തിച്ചത്. 64/5 എന്ന നിലയിലേക്ക് വീണ സിംബാബ്‍വേയെ ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് നയിച്ചത്.
മിൽട്ടൺ 27 പന്തിൽ 46 റൺസും റയാന്‍ ബര്‍ള്‍ 33 പന്തിൽ 37 റൺസുമാണ് നേടിയത്. അയര്‍ലണ്ടിന് വേണ്ടി ഷെയിന്‍ ഗെറ്റ്കേറ്റ് മൂന്ന് വിക്കറ്റ് നേടി.