കേരളത്തിന്റെ ലീഡ് 208 റണ്‍സ്, മൂന്ന് വിക്കറ്റ് നേടി അക്ഷയ് മനോഹര്‍, മികച്ച ഫോമില്‍ ബാറ്റിംഗ് തുടര്‍ന്ന് വത്സല്‍ ഗോവിന്ദ്

അണ്ടര്‍ 19 കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഗോവയ്ക്കെതിരെ 208 റണ്‍സിന്റെ ലീഡ് നേടി കേരളം. ഒന്നാം ഇന്നിംഗ്സില്‍ 356 റണ്‍സ് നേടിയ കേരളം മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 105/4 എന്ന നിലയിലാണ്. 37 റണ്‍സ് നേടുന്നതിനിടയില്‍ കേരളത്തിനു മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ശേഷം ക്യാപ്റ്റന്‍ വത്സല്‍ ഗോവിന്ദും അശ്വിന്‍ ആനന്ദും(25) ചേര്‍ന്ന് കേരളത്തെ മുന്നോട്ട് നയിക്കുകയായിരുന്നു. 49 റണ്‍സാണ് ഇവരുടെ കൂട്ടുകെട്ട്. നിലവില്‍ കേരളത്തിനായി വത്സല്‍ ഗോവിന്ദ് 37 റണ്‍സും അഞ്ച് റണ്‍സുമായി അക്ഷയ് മനോഹറുമാണ് ക്രീസില്‍.

നേരത്തെ ഗോവയുടെ ഒന്നാം ഇന്നിംഗ്സ് കേരളം 253 റണ്‍സില്‍ അവസാനിപ്പിച്ച് 103 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. കേരളത്തിനായി അക്ഷയ് മനോഹര്‍ മൂന്നും കിരണ്‍ സാഗര്‍, മുഹമ്മദ് അഫ്രീദ് എന്നിവര് രണ്ട് വീതം വിക്കറ്റും നേടി. ഗോവ നിരയില്‍ രാഹുല്‍ മെഹ്ത 60 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ പിയൂഷ് യാദവ്(58), മോഹിത് റെഡ്കര്‍ (57) എന്നിവര്‍ തിളങ്ങി.