തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) ആലപ്പുഴ റിപ്പിൾസിനെതിരെ മികച്ച ബാറ്റിംഗ് പുറത്തെടുത്ത് ട്രിവാൻഡ്രം റോയൽസിന്റെ യുവതാരം വിഷ്ണു രാജ്. 46 പന്തിൽ നിന്ന് 2സിക്സറുകളും 5 ഫോറുകളും അടക്കം 60 റൺസാണ് വിഷ്ണു രാജ് അടിച്ചെടുത്തത്.ക്യാപ്റ്റൻ കൃഷ്ണപ്രസാദിനൊപ്പംചേർന്ന് ആദ്യ വിക്കറ്റിൽ അടിച്ചെടുത്ത 154 റൺസ് പുത്തൻ റെക്കോർഡിലേക്കും വഴിമാറി.
ചെങ്ങന്നൂർ തിട്ടമേൽ സീത സദനത്തിൽ പി.എൻ. വരദരാജന്റെയും വിജയയുടെയും മകനാണ് വിഷ്ണു രാജ്.മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ ക്രിക്കറ്റിൽ ശ്രദ്ധ ചെലുത്തിയ വിഷ്ണുവിന്, കളിയുടെ ബാലപാഠങ്ങൾ പകർന്ന് നൽകിയത് ന്യൂ കിഡ്സ് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകൻ സന്തോഷാണ്. 12-ാം വയസ്സിൽ കേരള അണ്ടർ-14 ടീമിൽ ഇടം നേടിയ വിഷ്ണു, മിന്നും പ്രകടനങ്ങൾ തുടർന്നതോടെ അണ്ടർ-16, അണ്ടർ-19, അണ്ടർ-23 വിഭാഗങ്ങളിൽ കേരള ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു.
കഴിഞ്ഞ സീസണിൽ തമിഴ്നാടിനെതിരെ നേടിയ സെഞ്ച്വറി വഴിത്തിരിവായി.സ്വപ്ന സാക്ഷാൽക്കാരമെന്നോണം മികച്ച പ്രകടനത്തിലൂടെ കേരള രഞ്ജി ടീമിലേക്ക് വിഷ്ണുവിന് വിളി എത്തി. എൻ.എസ്.കെ. ട്രോഫിയിലും പ്രസിഡന്റ്സ് കപ്പിലും പുറത്തെടുത്ത മിന്നും പ്രകടനങ്ങൾ വിഷ്ണുവിലെ പ്രതിഭയെ അടയാളപ്പെടുത്തുന്നതായിരുന്നു.