പുതുനിരയുമായി രണ്ടാം സീസണ് ഒരുങ്ങി ആലപ്പി റിപ്പിൾസ്

Newsroom

Picsart 25 08 16 23 39 15 059
Download the Fanport app now!
Appstore Badge
Google Play Badge 1

പുതുക്കിപ്പണിതൊരു ടീമുമായി കെസിഎല്ലിൻ്റെ രണ്ടാം സീസണ് തയ്യാറെടുക്കുകയാണ് ആലപ്പി റിപ്പിൾസ്. നിലനിർത്തിയ നാല് താരങ്ങളായ മൊഹമ്മദ് അസറുദ്ദീൻ, അക്ഷയ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ,അക്ഷയ് ടി കെ എന്നിവരൊഴിച്ചാൽ, താരതമ്യേന പുതിയൊരു ടീമാണ് ഇത്തവണ ആലപ്പി റിപ്പിൾസിൻ്റേത്. മൊഹമ്മദ് അസറുദ്ദീനാണ് ടീമിൻ്റെ ക്യാപ്റ്റൻ.

1000246266

ക്യാപ്റ്റൻ തന്നെയാണ് ടീമിൻ്റെ ബാറ്റിങ് നിരയുടെ പ്രധാന കരുത്ത്. കഴിഞ്ഞ സീസണിൽ, നാല് അർദ്ധ സെഞ്ച്വറികളടക്കം 410 റൺസായിരുന്നു അസറുദ്ദീൻ അടിച്ചു കൂട്ടിയത്. തുട‍ർന്ന് രഞ്ജി രഞ്ജി ട്രോഫിയിലടക്കം സീസണിലാകെ മികച്ച പ്രകടനം കാഴ്ച വച്ച അസറുദ്ദീൻ, കെസിഎല്ലിലും ഇതാവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻ്റ്. വമ്പൻ തുകയ്ക്ക് ടീമിലെത്തിച്ച ജലജ് സക്സേനയാണ് ടീമിൻ്റെ മറ്റൊരു പ്രതീക്ഷ. ശക്തമായ ലേലത്തിനൊടുവിൽ 12.40 ലക്ഷത്തിനായിരുന്നു ജലജ് സക്സേനയെ ആലപ്പി റിപ്പിൾസ് ടീമിലെത്തിച്ചത്. ജലജിൻ്റെ ആദ്യ കെസിഎൽ സീസൺ ആണ് ഇത്തവണത്തേത്. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ വ‍ർഷങ്ങളുടെ പരിചയസമ്പത്ത് ടീമിന് വലിയ മുതൽക്കൂട്ടാവും.

അസറുദ്ദീൻ കഴിഞ്ഞാൽ കഴിഞ്ഞ സീസണിൽ ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ അക്ഷയ് ടി കെ ഇത്തവണയും ടീമിനൊപ്പമുണ്ട്. ഇത് കൂടാതെ യുവതാരങ്ങളായ അനൂജ് ജോതിൻ, അരുൺ കെ എ, അർജുൻ നമ്പ്യാർ എന്നിവരാണ് ബാറ്റർമാരായി ടീമിലുള്ളത്. കഴിഞ്ഞ എൻഎസ്കെ ട്രോഫിയിലടക്കം കൂറ്റൻ ഷോട്ടുകളുമായി തിളങ്ങിയ താരമാണ് അരുൺ കെ എ. മുഹമ്മദ് അസറുദ്ദീനൊപ്പം വിക്കറ്റ് കീപ്പറായി ടീമിലുള്ള ആകാശ് പിള്ള, മുഹമ്മദ് കൈഫ് എന്നിവരും ബാറ്റിങ്ങിൽ മികവ് തെളിയിച്ചിട്ടുള്ളവരാണ്.

ജലജ് സക്സേനയും അക്ഷയ് ചന്ദ്രനും അക്ഷയ് ടി കെയും അടങ്ങുന്ന ഓൾ റൌണ്ടർമാരാണ് ടീമിൻ്റെ മറ്റൊരു കരുത്ത്. ഒരു പതിറ്റാണ്ടോളമായി കേരള ടീമിലെ സ്ഥിര സാന്നിധ്യമായ അക്ഷയ് ചന്ദ്രൻ കഴിഞ്ഞ സീസണിൽ ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിരുന്നു. ബാറ്റിങ്ങിനൊപ്പം ഇടംകയ്യൻ സ്പിന്നറെന്ന നിലയിലും ടീമിന് മുതൽക്കൂട്ടാണ് അക്ഷയ്. യുവ താരങ്ങളായ ശ്രീരൂപ്, അഭിഷേക് പ്രതാപ്, ബാലു ബാബു എന്നിവരാണ് ടീമിലെ മറ്റ് ഓൾ റൌണ്ടർമാർ.

ഫോമിലുള്ള ബേസിൽ എൻ പി ആയിരിക്കും ഇത്തവണ ആലപ്പിയുടെ ബൌളിങ് നിരയെ നയിക്കുക. കഴിഞ്ഞ സീസണിൽ കൊല്ലത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ച ബേസിൽ രഞ്ജി ട്രോഫിയിലടക്കം തിളങ്ങിയിരുന്നു. ബേസിലിനൊപ്പം രാഹുൽ ചന്ദ്രനും മൊഹമ്മദ് നസീലും ആദിത്യ ബൈജുവുമാണ് മറ്റ് പേസർമാർ. കേരളത്തിൻ്റെ ഭാവി വാഗ്ദാനമെന്ന് വാഴ്ചത്തപ്പെടുന്ന ആദിത്യ എംആർഎഫ് പേസ് ഫൌണ്ടേഷനിൽ പരിശീലനം നേടിയ താരമാണ്. വിനു മങ്കാദ് ട്രോഫിയിൽ ഉത്തരാഖണ്ഡിന് എതിരെ ഏഴ് വിക്കറ്റ് വീഴ്ത്തി ശ്രദ്ധേയ പ്രകടനവും കാഴ്ച വച്ചിരുന്നു. കഴിഞ്ഞ കെസിഎ പ്രസിഡൻസ് കപ്പിലടക്കം തിളങ്ങിയ താരമാണ് രാഹുൽ ചന്ദ്രൻ. ഐപിഎല്ലിൽ മുംബൈയ്ക്കായി തിളങ്ങിയ വിഘ്നേഷ് പുത്തൂരും ശ്രീഹരി നായരുമാണ് സ്പിന്നർമാർ.3.75 ലക്ഷത്തിനാണ് വിഘ്നേഷിനെ ആലപ്പി നിലനിർത്തിയത്.

കേരളത്തിൻ്റെ മുൻ രഞ്ജി ക്യാപ്റ്റനും ഓൾ റൌണ്ടറുമായ സോണി ചെറുവത്തൂരാണ് ടീമിൻ്റെ ഹെഡ് കോച്ച്. സൂരജ് കെ എസ് അസിസ്റ്റൻ്റ് കോച്ചും കാർത്തിക് രാജൻ ബാറ്റിങ് കോച്ചും എച്ച് അഭിറാം ഫീൽഡിങ് കോച്ചുമായി ടീമിനൊപ്പമുണ്ട്. ഫർസീൻ ആണ് ടീമിൻ്റെ മാനേജർ. ശ്രീജിത് (ഫിസിയോ തെറാപ്പിസ്റ്റ്) അർജുൻ അനിൽ (സ്ര്ടെങ്ത് ആൻ്റ് കണ്ടീഷനിംഗ് കോച്ച്), ശ്രീവത്സൻ (പെർഫോമൻസ് അനലിസ്റ്റ്), വിജയ് ശ്രീനിവാസൻ (അനലിസ്റ്റ്) എന്നിവരും അടങ്ങുന്നതാണ് സപ്പോർട്ട് സ്റ്റാഫ്.

ടീം അംഗങ്ങൾ

ബാറ്റർമാർ – അനുജ് ജോതിൻ, അരുൺ കെ എ, അർജുൻ സുരേഷ് നമ്പ്യാർ.

വിക്കറ്റ് കീപ്പർ ബാറ്റർ – മൊഹമ്മദ് അസറുദ്ദീൻ, ആകാശ് പിള്ള, മൊഹമ്മദ് കൈഫ്.

ഓൾ റൌണ്ടർമാർ – ജലജ് സക്സേന, അക്ഷയ് ചന്ദ്രൻ, ശ്രീരൂപ് എം പി , അഭിഷേക് പ്രതാപ്,ബാലു ബാബു, അക്ഷയ് ടി കെ.

ബൌളർമാർ – ബേസിൽ എൻ പി, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ, മൊഹമ്മദ് നസീൽ, ആദിത്യ ബൈജു, വിഘ്നേഷ് പുത്തൂർ.