കെസിഎല്ലിൽ വിജയം തുടർന്ന് പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ്. ആലപ്പി റിപ്പിൾസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി റിപ്പിൾസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചി പത്ത് പന്ത് ബാക്കി നില്ക്കെ ലക്ഷ്യത്തിലെത്തി. 83 റൺസെടുത്ത സഞ്ജു സാംസനാണ് പ്ലെയർ ഓഫ് ദി മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആലപ്പി റിപ്പിൾസിന് മുഹമ്മദ് അസറുദ്ദീനും ജലജ് സക്സേനയും ചേർന്ന് തകർപ്പൻ തുടക്കമാണ് നല്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യ ഓവറുകളിൽ ആഞ്ഞടിച്ചത് ജലജ് സക്സേനയാണ്. നാലാം ഓവറിൽ തന്നെ ആലപ്പിയുടെ സ്കോർ അൻപതിലെത്തി. ഇരുവരും ചേർന്ന ആദ്യ വിക്കറ്റിൽ 94 റൺസാണ് പിറന്നത്. 71 റൺസെടുത്ത ജലജ് സക്സേനയെ പി എസ് ജെറിൻ ക്ലീൻ ബൌൾഡാക്കുകയായിരുന്നു.42 പന്തുകളിൽ 11 ഫോറും രണ്ട് സിക്സുമടങ്ങുന്നതായിരുന്നു ജലജിൻ്റെ ഇന്നിങ്സ്.
ജലജ് മടങ്ങിയതോടെ അസറുദ്ദീൻ സ്കോറിങ് വേഗത്തിലാക്കി. 24 റൺസെടുത്ത അഭിഷേക് പി നായർ മികച്ച പിന്തുണ നല്കി. കൂറ്റൻ സ്കോറിലേക്ക് നീങ്ങിയ ആലപ്പിയുടെ ഇന്നിങ്സിന് തടയിട്ടത് 18ആം ഓവറിൽ കെ എം ആസിഫാണ്. തുടരെയുള്ള പന്തുകളിൽ മുഹമ്മദ് അസറുദ്ദീനെയും മുഹമ്മദ് ഇനാനെയും പുറത്താക്കിയ ആസിഫ് ആ ഓവറിൽ ഏഴ് റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. 43 പന്തുകളിൽ ഏഴ് ഫോറും രണ്ട് സിക്സും അടക്കം 64 റൺസാണ് അസറുദ്ദീൻ നേടിയത്. ആലപ്പിയുടെ ഇന്നിങ്സ് 176ൽ അവസാനിച്ചു. കൊച്ചിയ്ക്ക് വേണ്ടി കെ എം ആസിഫും പി എസ് ജെറിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിയ്ക്ക് സഞ്ജു സാംസനും വിനൂപ് മനോഹരനും ചേർന്ന് അതിവേഗ തുടക്കം നല്കി. എന്നാൽ അഞ്ചാം ഓവറിൽ വിനൂപ് മനോഹരനെയും മൊഹമ്മദ് ഷാനുവിനെയും പുറത്താക്കി രാഹുൽ ചന്ദ്രൻ ആലപ്പിയ്ക്ക് പ്രതീക്ഷ നല്കി. വിനൂപ് 11 പന്തിൽ 23 റൺസെടുത്തപ്പോൾ ഷാനുവിന് അക്കൌണ്ട് തുറക്കാനായില്ല. മറുവശത്ത് കരുതലോടെ ബാറ്റ് വീശിയ സഞ്ജു, നിഖിൽ തോട്ടത്തിലിനും അജീഷിനുമൊപ്പം ഭേദപ്പെട്ട കൂട്ടുകെട്ടുകൾ കണ്ടെത്തി. എന്നാൽ സ്കോർ 135ൽ നില്ക്കെ സഞ്ജു മടങ്ങി. 41 പന്തുകളിൽ രണ്ട് ഫോറും ഒൻപത് സിക്സുമടക്കം 83 റൺസാണ് സഞ്ജു നേടിയത്.
തൊട്ടടുത്ത ഓവറിൽ സാലി സാംസനെയും ജോബിൻ ജോബിയെയും ജലജ് സക്സേന പുറത്താക്കിയതോടെ കളി ആവേശ നിമിഷങ്ങളിലേക്ക്. എന്നാൽ സമ്മർദ്ദ നിമിഷങ്ങളിൽ അജീഷിൻ്റെയും ജെറിൻ്റെയും നിർണ്ണായക ഇന്നിങ്സുകൾ കൊച്ചിയ്ക്ക് തുണയായി. അജീഷ് 13 പന്തുകളിൽ നിന്ന് 18 റൺസെടുത്തപ്പോൾ ജെറിൻ 13 പന്തുകളിൽ നിന്ന് 25 റൺസുമായി പുറത്താകാതെ നിന്നു. 18.2 ഓവറിൽ കൊച്ചി ലക്ഷ്യത്തിലെത്തി.ആലപ്പിയ്ക്ക് വേണ്ടി രാഹുൽ ചന്ദ്രനും ശ്രീരൂപും ജലജ് സക്സേനയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വിജയത്തോടെ കൊച്ചിയ്ക്ക് എട്ട് മല്സരങ്ങളിൽ നിന്ന് 12 പോയിൻ്റായി.അഞ്ചാം സ്ഥാനത്തുള്ള ആലപ്പിയ്ക്ക് ആറ് പോയിൻ്റാണുള്ളത്.