കൊച്ചി: ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടു. ഇതോടെ കേരള ക്രിക്കറ്റ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജു കളിക്കില്ല.

റെക്കോർഡ് തുക മുടക്കിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം സഞ്ജുവിനെ ടീമിലെത്തിച്ചത്. ടീമിൻ്റെ ഈ വിശ്വാസം കാത്ത സഞ്ജു തകർപ്പൻ പ്രകടനമാണ് ലീഗിൽ നടത്തിയത്. ടീമിന്റെ ടോപ് സ്കോററായ സഞ്ജു മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് മികവിലാണ് ടീം ആദ്യമായി പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.
കേരള ക്രിക്കറ്റ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 88.75 ശരാശരിയിൽ 355 റൺസാണ് സഞ്ജു നേടിയത്. 200-ൽ അധികം സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും 30 സിക്സറുകളും 26 ഫോറുകളും താരം അടിച്ചുകൂട്ടി. ടി20 ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള സഞ്ജുവിന്റെ ഈ പ്രകടനം ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷ നൽകുന്നു.