മുഹമ്മദ് ആഷിഖ് സയലന്റ് കില്ലർ : കെ സി എല്ലിൽ ആദ്യകിരീടം സ്വപ്നം കണ്ട് നീലക്കടുവകൾ

Newsroom

Picsart 25 09 06 23 26 40 581
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) 2025 സീസണിലെ കൊല്ലത്തിനെതിരായ ഫൈനൽ പോരിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് പ്രതീക്ഷയർപ്പിക്കുന്നത് യുവ ഓൾ റൌണ്ടർ മുഹമ്മദ് ആഷിഖിലാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ഈ തൃശൂരുകാരനാണ് ഇപ്പോൾ ആരാധകരുടെ ഒന്നടങ്കം ശ്രദ്ധാകേന്ദ്രം. രണ്ടാം സീസണിൽ മിന്നും പ്രകടനമാണ് ആഷിഖ് കാഴ്ചവെച്ചത്.

1000261159

സീസണിൽ ഇതുവരെ കളിച്ച 9 മത്സരങ്ങളിൽ നിന്ന് 137 റൺസും , 14 വിക്കറ്റുകളും നേടിയ ആഷിഖ് തന്റെ സമ്പൂർണ ഓൾറൗണ്ടർ മികവ് തെളിയിച്ചു. സമ്മർദ്ദ ഘട്ടങ്ങളിൽ കളിയുടെ ഗതി നിയന്ത്രിക്കാനുള്ള ആഷിഖിന്റെ മികവ് സീസണിലെ പല മത്സരങ്ങളിലും ടീമിനെ വിജയത്തേരേറ്റിയിട്ടുണ്ട്. ശക്തരായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെയുള്ള സെമിഫൈനൽ മത്സരത്തിൽ അവിസ്മരണീയ പ്രകടനമാണ് ഈ തൃശൂരുകാരൻ പുറത്തെടുത്തത്. വെറും 10 പന്തിൽ നിന്ന് 310-ന് മുകളിൽ പ്രഹരശേഷിയോടെ സംഹാര താണ്ഡവമാടിയ ആഷിഖ് 31 റൺസുമായി ടീം സ്കോർ അതിവേഗം ഉയർത്തി. മൂന്ന് നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ആഷിഖ് ഫീൽഡിങ്ങിലും അസാധാരണ പ്രകടനവുമായി കളം നിറഞ്ഞു. നേരിട്ടുള്ള ത്രോയിലൂടെ റൺഔട്ടുകൾ നേടാനുള്ള ആഷിഖിന്റെ കഴിവ് ബ്ലൂടൈഗേഴ്സിന് മുതൽക്കൂട്ടാണ്.

തൃശൂർ നെടുപുഴ സ്വദേശിയായ ഷംഷുദ്ദീന്റെ മകനാണ് മുഹമ്മദ് ആഷിഖ്. കെ.സി.എ അക്കാദമിയിൽ ചേർന്നതും തുടർന്ന് തൃശൂർ ടൈറ്റൻസ് താരം സി.വി. വിനോദ് കുമാറിനെ പരിചയപ്പെട്ടതും, മുഹമ്മദ് ആഷിഖിന്റെ കരിയറിലെ വഴിത്തിരിവായി.

കില്ലർ ഓൾ റൌണ്ട് പ്രകടനങ്ങളിലൂടെ കൊല്ലത്തെ തറപറ്റിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആഷിഖ് കന്നി കിരീടം സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.